തളിപ്പറമ്പ്: കൊളത്തൂർ, മാവിലംപാറ പ്രദേശത്തെ അനധികൃത ചെങ്കൽഖനനം നിരോധിക്കാൻ തീരുമാനം. തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി.മേഴ്സി വിളിച്ചുചേർത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇവിടെയുള്ള യന്ത്രസാമഗ്രികൾ നീക്കം ചെയ്യാൻ പണ ഉടമകളോട് ആവശ്യപ്പെട്ടു. ഈ ഭാഗത്ത് ജോലിയിലേർപ്പെട്ടിരിക്കുന്ന അതിഥിതൊഴിലാളികളെ ഉടൻ തിരിച്ചയക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പൊലിസ് പട്രോളിംഗ് നടത്താനും തീരുമാനിച്ചു .
ടി.ടി.കെ.ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആയിരക്കണത്തിന് ഏക്കർഭൂമിയിലാണ് അനധികൃതമായി നൂറുകണക്കിനാളുകൾ കയ്യേറി ചെങ്കൽ വെട്ടിയെടുത്തിരുന്നത്. ഇതിനെതിരെ ബാലേശുഗിരി ആക്ഷൻ കമ്മറ്റിയും നിരവധി പരിസ്ഥിതി സംഘടനകളും നാട്ടുകാരും വർഷങ്ങളായി സമരരംഗത്താണ്. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജാ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും ജനങ്ങൾക്കൊപ്പം ചെങ്കൽഖനനത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. പ്രദേശത്തിന്റെ പരിസ്ഥിതിയെ രൂക്ഷമായി ബാധിച്ച ഈ പ്രശ്നത്തിൽ കർശനമായ നിലപാടെടുക്കാൻ തന്നെയായിരുന്നു റവന്യൂ അധികൃതരുടെ തീരുമാനം. തളിപ്പറമ്പ് താലൂക്കിൽ പെടുന്ന ചുഴലി വില്ലേജിലെ 30, 38 സർവേ നമ്പറുകളിലെ ഭൂമികളിലാണ് അനധികൃത ചെങ്കൽപണകൾ പ്രവർത്തിക്കുന്നത്. ആക്ഷൻ കമ്മറ്റി നിവേദനം നൽകിയതിനെ തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ ഇവിടെ പരിശോധനക്ക് എത്തിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം പത്ത് ചെങ്കൽലോറികളും രണ്ട് ജെ.സി.ബികളും പിടിച്ചെടുത്തിരുന്നു.
ജിയോളജിസ്റ്റ് കെ.ആർ.ജഗജീശൻ, തളിപ്പറമ്പ് ഭുരേഖാ തഹസിൽദാർ ഇ.എം.റെജി, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ, ഇരിക്കൂർ എസ്.ഐ.എം.കെ.കൃഷ്ണൻ, തളിപ്പറമ്പ് എസ്.ഐ.കെ.കെ.ഗംഗാധരൻ, ചപ്പാരപ്പടവ് പഞ്ചായത്ത് സെക്രട്ടറി എ.വി.പ്രകാശൻ, ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറി കെ.രാജേഷ്, ചുഴലി വില്ലേജ് ഓഫീസർ കെ.അബ്ദുൾറഷീദ്, ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠൻ, കെ.പി.അബ്ദുൾഅസീസ്, പി.വി.കുഞ്ഞിരാമൻ, ആക്ഷൻ കമ്മറ്റി ഭാരവാഹികളായ പി.രവീന്ദ്രൻ, പി.മോഹനൻ, എ.എൻ.വിനോദ്, മനോജ് ഫ്രാൻസീസ്, മാത്യുമലയിൽ, വി.മുകുന്ദൻ, ജോസ് മുടവനാട്ട്, പി.ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ 30 പേർ യോഗത്തിൽ പങ്കെടുത്തു.
മഴ തീർന്നതിന് ശേഷം വിപുലമായ മറ്റൊരു യോഗം വിളിച്ചുചേർത്ത് സ്ഥിതി അവലോകനം ചെയ്യും- തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി.മേഴ്സി
കൊളത്തൂർ, മാവിലംപാറ പ്രദേശങ്ങളുടെ പൂർണതോതിലുള്ള സർവേ ജോലികൾ പൂർത്തീകരിച്ചുതരണം- ചെങ്കൽ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |