കണ്ണൂർ: തെക്കി ബസാർ കാൽടെക്സ് മേൽപ്പാലം സർവ്വേ വ്യാപാരികളും മേൽപ്പാലം ആക്ഷൻ കമ്മിറ്റി ഭാരവാഹികളും സംഘടിച്ച് തടഞ്ഞു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവുമായി നാളെ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ കടകളടച്ച് ഹർത്താൽ ആചരിക്കാനും കളക്ടറേറ്റിലേക്ക് മാർച്ച് നടത്താനും
വ്യാപാരി വ്യവസായി ഏകോപനസമിതിയും മേൽപാലം ജനകീയ ആക്ഷൻ കമ്മിറ്റിയും തീരുമാനിച്ചതോടെ മേൽപാലം വിഷയത്തിന് ചൂടുപിടിച്ചിരിക്കുകയാണ്.
തെക്കീലിൽ പൊലീസ് സഹായത്തോടെ സർവേ നടത്തി കല്ലിട്ട വിവരമറിഞ്ഞ് വ്യാപാരികളും മേൽപ്പാലം ആക്ഷൻ കമ്മിറ്റി ഭാരവാഹികളും രാവിലെ സ്ഥലത്തെത്തുകയായിരുന്നു. സർവ്വേ നടപടികൾ തടസ്സപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ടൗൺ പൊലീസ് സംരക്ഷണം നൽകി. വ്യാപാരികളുടെ നിർദേശങ്ങളും ആശങ്കകളു പരിഹരിക്കാതെ നടത്തുന്ന സർവ്വേ അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചത്.സർവ്വേ നടപടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട് ജീവനക്കാരെ തടഞ്ഞ ആക്ഷൻ കമ്മറ്റി ജനറൽ കൺവീനർ രാജീവൻ എളയാവൂരിനെ പിടിച്ച് വലിച്ച് കൊണ്ടുപോവാനുള്ള പോലീസിന്റെ ശ്രമം ഉന്തും തള്ളിനുമിടയാക്കി. സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. എ.രാജീവൻ, ഒ.കെ.റയിസ്, ഉവൈസ്, സീശാൻ, അയൂബ്, സിയാദ്, പ്രമോദ് എന്നിവരാണ് സർവേ തടയലിന് നേതൃത്വം നൽകിയത്. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ കടയിൽ റോഡ് മാത്രം അളക്കുകയായിരുന്നു..
വനിതാകോളേജ് മുതൽ മേലേ ചൊവ്വ വരെ
വനിതാ കോളേജ് മുതൽ മേലെചൊവ്വ വരെയുള്ള അലൈൻമെന്റിലായിരിക്കണം ഫ്ലൈഒാവർ എന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. ചേംബർ ഒഫ് കൊമേഴ്സ് മുതൽ തെക്കീബസാർ വരെയുള്ള ഫ്ലൈഒാവർ ജനത്തെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്നുമാണ് ആക്ഷൻ കമ്മിറ്റിയുടെ ആക്ഷേപം.കഴിഞ്ഞ ദിവസം മക്കാനിക്ക് സമീപം നടന്ന സർവ്വെ ആക്ഷൻ കമ്മറ്റി തടഞ്ഞിരുന്നു.തുടർന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും സർവ്വെയുമായി സഹകരിക്കണമെന്നും വ്യാപാരികളുടെ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽപ്പെടുത്തുമെന്നുമായിരുന്നു കളക്ടറുടെ പ്രതികരണം.എന്നാൽ അലൈൻമെന്റ് മാറ്റണമെന്നാവർത്തിച്ച ആക്ഷൻ കമ്മറ്റി പ്രതിഷേധം ശക്തിപ്പെടുത്തുകയായിരുന്നു.
കോടതി വിധി വരുന്നത് വരെ സർവേ നടപടി നിർത്തിവയ്ക്കണം. മേൽപ്പാലത്തിന് ആക്ഷൻ കമ്മിറ്റി എതിരല്ല എന്നാൽ തെക്കി ബസാർ കാൽടെക്സ് മേൽപ്പാലം ഗതാഗതക്കുരുക്ക് ഒഴിവാക്കില്ല.പകരം പുതിയതെരു മുതൽ മേലെചൊവ്വ വരെയാണ് മേൽപ്പാലം വരേണ്ടത്
രാജീവൻ എളയാവൂർ ,ആക്ഷൻ കമ്മിറ്റി കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |