തൃക്കരിപ്പൂർ: തെരുവുനായ ശല്യവും പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകൾക്കിടെ ഭീഷണി വിതച്ച് കുറുക്കന്മാരുടെ ആക്രമണ പരമ്പരയും.പടന്ന ഗ്രാമ പഞ്ചായത്തിലെ മാച്ചിക്കാട്, ആയിറ്റി പ്രദേശങ്ങളിലാണ് കുറുക്കന്റെ വിളയാട്ടം. കൂലി തൊഴിലാളിക്കും പശുക്കൾക്കും ആടിനും കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റു. മാച്ചിക്കാട്ടെ എം.പ്രഭാകരനെയാണ്(50) കുറുക്കൻ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ആയിറ്റി കടവത്തെ കെ.വി.ജനാർദനന്റെ രണ്ടര വയസുള്ള തള്ള ആടിന്റെ ചെവി കുറുക്കൻ കടിച്ചു മുറിച്ചു. മാച്ചിക്കാട്ടെ കെ.പി.രമേശൻ, വി. ഉമേശൻ, വി.നാരായണൻ എന്നിവരുടെ പശുക്കളെയും ഇവ കടിച്ചു. വി.മാധവിയുടെയും നാരായണന്റെയും വീടുകളിലെ വളർത്തുനായകളെയും കുറുക്കന്മാർ കടിച്ചു പരിക്കേൽപ്പിച്ചു. പടന്ന മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ.ശ്രീവിദ്യ മൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകി. കുറുക്കന്മാരെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് തങ്ങളെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |