കൊല്ലം: ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന്റെ പ്രവർത്തനം നിലച്ചിട്ട് മൂന്നാഴ്ചയിലേറെ. മറ്റൊരു കെട്ടിടത്തിലേക്ക് രക്തബാങ്ക് മാറ്റുന്നതിലുണ്ടായ കാലതാമസമാണ് പ്രതിസന്ധിക്ക് വഴിതെളിച്ചത്. കിഫ്ബി പദ്ധതി പ്രകാരമുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാറ്റം. നിലവിൽ രക്തം നൽകാനോ രോഗികൾക്ക് രക്തം ലഭ്യമാക്കാനോ കഴിയാത്ത സ്ഥിതിയാണ്.
അടിയന്തര ഘട്ടങ്ങളിൽ ആവശ്യമുള്ള രക്തം ആശുപത്രിയിൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നതെങ്കിലും പാവപ്പെട്ട രോഗികൾ പുറമെയുള്ള സംവിധാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായി. ജില്ലാ ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭ്യമായിരുന്ന രക്തം പുറമേനിന്ന് വലിയ വിലനൽകി വാങ്ങണം. ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം സ്വീകരിക്കുന്ന ആശുപത്രികളിലൊന്നാണ് ജില്ലാ ആശുപത്രി. താലൂക്ക് ആശുപത്രികളിലേക്ക് എത്തിച്ചിരുന്നത് ഇവിടെ നിന്നാണ്. മാത്രമല്ല വ്യക്തികൾ നേരിട്ട് രക്തം നൽകുന്നതും സന്നദ്ധ സംഘടനകളുടെയും വിവിധ കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും രക്തദാന ക്യാമ്പും ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. രക്തബാങ്കിന്റെ പ്രവർത്തനം നിലച്ചതോടെ ഇവയെല്ലാം അവതാളത്തിലായി. അടിയന്തര ഘട്ടത്തിലേക്കായി സൂക്ഷിച്ച രക്തം തീരുന്നതോടെ ഡയാലിസിസ്, ലേബർ യൂണിറ്റുകളുടെയടക്കം പ്രവർത്തനം താളംതെറ്റാനും സാദ്ധ്യതയുണ്ട്.
നിലവിൽ പ്രതിസന്ധിയില്ല. രക്തബാങ്കിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും.
ജില്ലാ ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |