കൊല്ലം: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 11 വർഷം കഠിനതടവും 25,000 രൂപ പിഴയും. ഇരവിപുരം വാളത്തുംഗൽ താലിഫ് മൻസിലിൽ താലിഫിനെ (26) ആണ് കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി അരുൺ. എം.കുരുവിള ശിക്ഷിച്ചത്. പിഴയൊടുക്കാതിരുന്നാൽ 15 മാസം കൂടി തടവ് അനുഭവിക്കണം.
ഇരവിപുരം ആക്കോലിൽ സീനാ നിവാസിൽ ബിനുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് വിധി. 2016 ഏപ്രിൽ 30നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 9 മണിയോടെ ബിനു കൂട്ടുകാരനൊപ്പം ബൈക്കിൽ ഇരവിപുരം കാവൽപ്പുര റെയിൽവേ ഗേറ്റിലെത്തി. ഗേറ്റ് തുറക്കുന്നതിനിടെ ഉണ്ടായ തിരക്കിൽ ബിനു സഞ്ചരിച്ചിരുന്ന ബൈക്ക് താലിഫിന്റെ ബൈക്കിൽ തട്ടി. ഇതോടെ മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി. സുഹൃത്ത് വീട്ടിലേക്ക് മടങ്ങിയ ശേഷം ബിനു ഒറ്റയ്ക്ക് നടന്നുവരവേ പുത്തൻചന്ത ജംഗ്ഷനിൽ വച്ച് താലിഫ് കമ്പിവടിവച്ച് തലയ്ക്കും കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതം ഗുരുതരമായിരുന്നു. സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ടു. ഇരവിപുരം എസ്.ഐ ഷാഫിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി. വിനോദ്, എ. നിയാസ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |