കൊല്ലം: കോടതി റിമാൻഡ് ചെയ്ത പ്രതി കൊല്ലം ജയിലിന് മുന്നിൽ വച്ച് പൊലീസുകാരെ വെട്ടിച്ച് രക്ഷപ്പെട്ടു. മൊബൈൽ മോഷണക്കേസിലെ പ്രതിയായ അമ്മച്ചിവീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാജനാണ് (23) രക്ഷപ്പെട്ടത്.
ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. വാടിയിലെ വീട്ടിൽ നിന്ന് കഴിഞ്ഞ മാസം 29ന് മൊബൈൽ മോഷ്ടിച്ച കേസിലാണ് സാജനെ പള്ളിത്തോട്ടം പൊലീസ് പിടികൂടിയത്. മോഷ്ടിച്ച മൊബൈലിൽ തന്റെ സിം ഇട്ടതോടെയാണ് സാജൻ കുടങ്ങിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശേഷം സാജനെ പള്ളിത്തോട്ടം ജില്ലാ ജയിലിന് മുന്നിൽ എത്തിച്ചു. ജയിലിനുള്ളിലേക്ക് കയറ്റാനായി വിലങ്ങ് അഴിച്ചതിന് പിന്നാലെ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് ഡ്രൈവറടക്കം മൂന്ന് പൊലീസുകാരെ ഉണ്ടായിരുന്നുള്ളു. ഇവർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
കൊല്ലം രാമേശ്വരം ക്ഷേത്രത്തിന് സമീപത്തെ നിരീക്ഷണ കാമറയിൽ നിന്ന് പൊലീസിന് ഇയാളുടെ ദൃശ്യങ്ങൾ രാത്രി ലഭിച്ചിട്ടുണ്ട്. ഈ ഭാഗം കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ഭക്ഷണശാലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |