കൊല്ലം: ദേശീയപാത വികസനത്തിന്റെ നിർമ്മാണത്തിനിടെ കല്ലുംതാഴത്ത് റെയിൽവേ ഓവർ ബ്രിഡ്ജിനോട് ചേർന്ന് പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു. അലപ്പുഴയിൽ നിന്ന് വരുമ്പോൾ ഇടത് വശത്ത് 20 മീറ്ററോളം നീളത്തിൽ മൂന്ന് മീറ്റർ വീതിയിലാണ് മണ്ണിടിഞ്ഞത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത കുരുക്ക് രൂക്ഷമായി.
ഇന്നലെ വൈകിട്ട് 6 ഓടെയായിരുന്നു സംഭവം. സ്ഥലത്ത് സർവീസ് റോഡിനേക്കാൾ ഉയർന്നാണ് ആറുവരിപ്പാത കടന്നുപോകുന്നത്. ആറുവരിപ്പാത ബലപ്പെടുത്താനുള്ള ആർ.ഇ വാൾ നിർമ്മിക്കാനായി ഈ ഭാഗത്ത് മണ്ണ് നീക്കിയിരുന്നു. ശേഷിച്ച ഭാഗത്തിന്റെ അഗ്രത്ത് റെഡിമെയ്ഡ് മീഡിയനുകൾ സ്ഥാപിച്ച ശേഷം വാഹനം കടത്തിവിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ മീഡിയനുകൾ സഹിതം മണ്ണിടിഞ്ഞ് താഴുകയായിരുന്നു. മണ്ണിടിഞ്ഞ സമയത്ത് ഈ ഭാഗത്ത് വാഹനങ്ങളും നിർമ്മാണ തൊഴിലാളികളും ഇല്ലാഞ്ഞതിനാൽ ആളപായമൊഴിവായി.
വേഗത്തിൽ പൂർത്തിയാക്കാൻ കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് നിർമ്മാണം നടക്കുന്നത്. റോഡ് തകർന്നതോടെ ഈ ഭാഗത്ത് ഒരു ലൈനായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. തൊട്ടടുത്ത് മണ്ണിടഞ്ഞെങ്കിലും ആർ.ഒ.ബിക്ക് ബലക്ഷയം ഉണ്ടാകില്ലെന്ന് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |