ചവറ: പഴമയുടെ തനിമയുള്ള ഓടുമേഞ്ഞ പലകനിരപ്പുള്ള ചെറിയ മുറി. അവിടെയുണ്ട് റേഡിയോ മോഹനൻ. നൂറ്റാണ്ട് പഴക്കമുള്ള റേഡിയോ ആകട്ടെ, പുതുതലമുറയിൽ പെട്ടതാകട്ടെ. തകരാർ തീർത്ത് മോഹനൻ അതിനെ പാടിക്കും. അരനൂറ്റാണ്ട് മുമ്പ് കൊല്ലം തേവലക്കര മേജർ ദേവീക്ഷേത്ര ഗോപുരത്തിന് സമീപത്ത് ആരംഭിച്ച മോഹനന്റെ റേഡിയോ റിപ്പയറിംഗ് കേന്ദ്രം അന്വേഷിച്ച് ഇപ്പോഴും ദൂരെ ദേശങ്ങളിൽ നിന്നുവരെ ആളുകൾ എത്തുന്നു.
1905ൽ പുറത്തിറങ്ങിയ സ്വിസർലൻഡ് കമ്പനിയുടെ റേഡിയോ, ഫിലിപ്പ്സ്, മർഫി, പാനാസോണിക്ക് കമ്പനികളുടെ റേഡിയോകൾ, ടാറ്റായുടെ നെൽക്കോ, വാൽവ് റേഡിയോ, പുതുതലമുറ റേഡിയോവരെ മോഹനൻ റിപ്പയർ ചെയ്ത് നൽകും. തേവലക്കര പാലയ്ക്കൽ തെക്കടത്ത് വീട്ടിൽ മോഹനന് (65) റേഡിയോ കമ്പം കുഞ്ഞുനാളിൽ തുടങ്ങിയതാണ്.
പത്താംക്ലാസിൽ പഠിക്കുമ്പോൾ മുതൽ റേഡിയോകൾ ശേഖരിച്ചുതുടങ്ങി.
ഐ.ടി.ഐ ഇലക്ട്രോണിക്സ് പഠനശേഷം 1980ൽ, 20-ാം വയസിൽ റേഡിയോ വിൽക്കാനും റിപ്പയറിംഗിനുമായി സ്ഥാപനം ആരംഭിച്ചു. ഇതോടെ റേഡിയോ മോഹനൻ എന്ന പേര് വീണു. കേടായ റേഡിയോകൾ വാങ്ങി റിപ്പയർ ചെയ്ത് സൂക്ഷിക്കാറുണ്ട്. ആർക്കെങ്കിലും വേണമെങ്കിൽ നൽകും. ന്യായവില മാത്രം.
ആധുനിക എഫ്.എം നിലയങ്ങൾ വഴിയുള്ള പ്രക്ഷേപണം വർദ്ധിച്ചതോടെ റേഡിയോയ്ക്ക് ആവശ്യക്കാർ ഏറെയാണെന്ന് മോഹനൻ പറയുന്നു. ഭാര്യ അനിതകുമാരിയും എം.എസ്‌സി, എംഫിൽകാരിയായ ഏകമകൾ അശ്വതിയും പിന്തുണയുമായി ഒപ്പമുണ്ട്.
കേരളത്തിൽ നിർമ്മിച്ച റേഡിയോകൾ കിട്ടാനില്ലെന്ന് തന്നെ പറയാം. കെൽട്രോൺ നിർമ്മാണം നിറുത്തിയതാണ് പ്രധാന കാരണം. ചൈനീസ് മാർക്കറ്റിന്റെ കടന്നുകയറ്റം ഇന്ത്യൻ നിർമ്മിത റേഡിയോ വിപണിയെ ബാധിച്ചു. സ്പെയർ പാർട്സ് കിട്ടാനില്ലെന്നതും പ്രതിസന്ധിയാണ്.
റേഡിയോ മോഹനൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |