പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കരുത്

Friday 22 May 2026 12:10 AM IST

കൊല്ലം: കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം മലയിടം തുരുത്തിലുള്ള 19 ഏക്കർ സർക്കാർ പുറമ്പോക്കിൽ രണ്ടര ഏക്കർ സ്വകാര്യ സ്ഥലമാണെന്ന് വരുത്തിത്തീർത്ത്, 50 വർഷത്തിലധികമായി അവിടെ താമസിക്കുന്ന പട്ടികജാതിക്കാരായ 8 കുടുംബങ്ങളെ കുടി​യൊഴി​പ്പി​ക്കാൻ പൊലീസ് നടത്തി​യ അതി​ക്രമം അങ്ങേയറ്റം പ്രതി​ഷേധാർഹമാണെന്ന് കേരള തണ്ടാൻ സർവ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി വി. ബാബു പ്രസ്താവനയി​ൽ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുളളവരെ വീടുകളി​ൽ നിന്നു വലിച്ചിഴച്ച് തെരുവിലിട്ട് തല്ലിച്ചതച്ചു. ജല പീരങ്കി പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ക്യാൻസർ ബാധിതനും ഹൃദ്രോഗിയുമായ 70 വയസുകാരനെ വലിച്ചിഴച്ചു. തടയാൻ ചെന്ന 30 വയസ്സുളള മിഥുനയുടെ കാൽ പുരുഷ പോലീസുകാർ ബൂട്ടിട്ട് ചവിട്ടിയരച്ചു. ഇതുമൂലം തളളവിരലിലെ നഖം നഷ്‌ടമായി. ഈ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും പട്ടികജാതി കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.