യാത്രയായി, ഇംഗ്ലീഷ് വ്യാകരണ ഗന്ധർവൻ

Friday 22 May 2026 1:00 AM IST

കൊല്ലം: ഇംഗ്ലീഷ് വ്യാകരണത്തെ സംഗീതം പോലെ വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ നിറച്ച അദ്ധ്യാപകനായിരുന്നു ഇന്നലെ യാത്രയായ കെ. ശശിധരൻ. ഒരു കാലത്ത് വിദ്യാർത്ഥി മനസുകളിലെ ഹീറോയായിരുന്നു അദ്ദേഹം. കേരളത്തിലെ സമാന്തര വിദ്യാഭ്യാസ മേഖലയ്ക്കാകെ ആവേശവും.

പുനലൂർ മുൻ എം.എൽ.എയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന പി. ഗോപാലൻ അഞ്ചലിൽ നടത്തിയിരുന്ന പി.ജി.എം കോളേജിലെ വൈസ് പ്രിൻസിപ്പലായിരുന്നു. പി. ഗോപലൻ മരിച്ചതോടെ അദ്ദേഹത്തിന്റെ പേരിൽ അഞ്ചലിൽ പി. ഗോപാലൻ മെമ്മോറിയൽ കോളേജ് (പി.ജി.എം) കോളേജ് കെ. ശശിധരൻ ആരംഭിച്ചു. അദ്ധ്യയനത്തിലും അച്ചടക്കത്തിലും കെ. ശശിധരൻ കണിശക്കാരനായിരുന്നു. അതുകൊണ്ട് തന്നെ സർക്കാർ, എയ്ഡഡ് കോളേജുകളിലേതിനെക്കാൾ വിജയശതമാനം പി.ജി.എം കോളേജ് സ്ഥിരമായി സ്വന്തമാക്കി. സർവകലാശാല പരീക്ഷ ഫലങ്ങൾ പുറത്തുവരുമ്പോൾ ഉയർന്ന മാർക്കുകൾ പി.ജി.എമ്മിലെ വിദ്യാർത്ഥികൾക്കായിരുന്നു. പല സർക്കാർ, എയ്ഡഡ് കോളേജുകളിലേതിനെക്കാൾ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ പാരലിൽ കോളേജിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം ഉന്നത നിലകളിലുമെത്തി.

കോളേജ് അദ്ധ്യാപകരിൽ പലരും ഇംഗ്ലീഷ് വ്യാകരണം സംബന്ധിച്ച സംശയങ്ങൾ ചോദിക്കാൻ സമീപകാലത്തും അദ്ദേഹത്തെ വിളിക്കുമായിരുന്നു. വ്യാകരണം മാത്രമല്ല, ക്ലാസ് മുറികളിൽ ലോക ക്ലാസിക്കുകളിലെ കഥാപാത്രങ്ങളായും അദ്ദേഹം വിസ്മയം സൃഷ്ടിച്ചു. ഏറെ വിദ്യാർത്ഥികളുണ്ടായിരുന്നതിനാൽ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി ക്ലാസെടുക്കാൻ ഒരുഘട്ടം കഴിഞ്ഞപ്പോൾ കഴിയാത്ത അവസ്ഥയായി. എങ്കിലും ഏതെങ്കിലും അദ്ധ്യാപകൻ പെട്ടെന്ന് അവധിയെടുക്കുമ്പോൾ ആ ക്ലാസിലേക്ക് ഗന്ധർവനെപ്പോലെ അദ്ദേഹം എത്തുമായിരുന്നു.