കൊല്ലം: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും കള്ളനോട്ടുകളെത്തുന്നു. രണ്ടാഴ്ചയ്ക്കിടെയാണ് 100, 200, 500 രൂപയുടെ കള്ളനോട്ടുകൾ ഇവിടങ്ങളിലൊക്കെ വ്യാപകമായത്.
കഴിഞ്ഞ ദിവസം ഇരവിപുരത്തെ പെട്രോൾ പമ്പിൽ 100, 500 രൂപയുടെ കള്ളനോട്ടുകൾ ലഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവ പലരിൽ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമായി. സാധാരണക്കാരാണ് കൂടുതലും. ഇന്ധനം നിറയ്ക്കാനെത്തിയ കളക്ഷൻ എക്സിക്യൂട്ടീവായ യുവാവിന്റെ കൈയിൽ നിന്നാണ് 100 ന്റെ കള്ളനോട്ട് ലഭിച്ചത്. നിലവാരം കുറഞ്ഞ പേപ്പറിൽ പ്രിന്റെടുത്ത് ഇരുവശവും ഒട്ടിച്ച രീതിയിലായിരുന്നു ഈ നോട്ട്. പരവൂരിൽ നിന്നാണ് നോട്ട് ലഭിച്ചതെന്ന് ഇദ്ദേഹം വ്യക്തമാക്കി. ഒരാഴ്ച മുൻപ് നഗരത്തിലെ നാളികേര വ്യാപാരിക്കും കള്ളനോട്ട് ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ മൊത്തവ്യാപാരിക്ക് നൽകിയ പണത്തിൽ ഇത് ഉൾപ്പെട്ടിരുന്നതായി അവിടെനിന്നാണ് വ്യാപാരിക്ക് വിവരം ലഭിച്ചത്.
2018ൽ മുളങ്കാടകത്ത് നിന്നു കള്ളനോട്ടും പ്രിന്റിംഗ് യന്ത്രവുമായി സീരിയൽ നടി ഉൾപ്പെടെ പിടിയിലായ സംഭവമുണ്ടായിട്ടുണ്ട്. 2021 മേയ് 3ന് വാഹനപരിശോധനയ്ക്കിടെ കള്ളനോട്ടുമായി മൂന്നുപേർ പിടിയിലായിരുന്നു. സമാനമായ രീതിയിൽ പലയിടത്തും ഇത്തരം സംഘങ്ങൾ സജീവമാണെന്നാണ് സംശയിക്കുന്നത്. ഒറ്റനോട്ടത്തിൽ കള്ളനോട്ടുകൾ തിരിച്ചറിയാൻ കഴിയാത്തത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇവയുടെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
# 500ന്റെ ഒറിജിനൽ തിരിച്ചറിയാൻ
നോട്ടിന്റെ വലിപ്പം 66 x 150 മി.മി
ഇരുവശവും താഴെ 500 എന്ന് അക്കത്തിൽ
ഗാന്ധി ചിത്രത്തിന്റെ ഇടതുഭാഗത്ത് ലംബമായി 500 എന്നത് ദേവനാഗരി ലിപിയിൽ
ഹിന്ദിയിൽ ഭാരത്, ഇംഗ്ലീഷിൽ ആർ.ബി.ഐ, 500 എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന കളർ ഷിഫ്റ്റ് വിൻഡോഡ് സെക്യൂരിറ്റി ത്രെഡ്
നോട്ട് ചരിച്ചാൽ ത്രെഡിന്റെ നിറം പച്ചയിൽ നിന്ന് നീലയായി മാറും
മഹാത്മാഗാന്ധിയുടെ വാട്ടർമാർക്ക് ഛായാചിത്രം
നോട്ടിന്റെ മുകളിൽ ഇടത് വശത്തും താഴെ വലതുവശത്തുമായി ആരോഹണക്രമത്തിൽ അക്കങ്ങളുള്ള നമ്പർ പാനലും ഉണ്ടാകും
താഴെ വലതുവശത്ത് 500 എന്ന് നിറം മാറുന്ന തരത്തിൽ അച്ചടിച്ചിട്ടുണ്ട്. (പച്ചയിൽനിന്ന് നീലയിലേക്കാണ് നിറം മാറുക)
വലതുവശത്ത് അശോക സ്തംഭ ചിഹ്നം
കാഴ്ചയില്ലാത്തവർക്കായി മഹാത്മാഗാന്ധി ഛായാചിത്രം, അശോക പില്ലർ ചിഹ്നം, വലതുവശത്ത് 500 എന്ന് ചെറിയ അക്കത്തിൽ വൃത്താകൃതിയിൽ അച്ചടിച്ചിരിക്കും. ഇടത്, വലത് വശങ്ങളിൽ അഞ്ച് കോണിലായി ബ്ലീഡ് ലൈനുകൾ.
നോട്ടിന്റെ മറുവശത്ത്, ഇടതുഭാഗത്തായി നോട്ട് അച്ചടിച്ച വർഷം
നോട്ടിന്റെ ഇടതുവശം പ്രകാശത്തിൽ നോക്കുമ്പോൾ ഇരുവശത്തുമുള്ള ചിത്രം 500 എന്ന അക്കമായി കാണിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |