പാരിപ്പള്ളി: കാറിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ ചിറക്കരയിൽ ക്രൈം ബ്രാഞ്ച് സി.ഐയെ നടുറോഡിലിട്ട് തല്ലിച്ചതച്ച പ്രതികളെ പാരിപ്പള്ളി പൊലീസ് ഓടിച്ചിട്ട് പിടികൂടി. പൂതക്കുളം എ.എൻ നിവാസിൽ മനു (33), കാർത്തികയിൽ രാജേഷ് (34), രാമമംഗലത്തിൽ പ്രതീഷ് (30) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി.ഐയും പരവൂർ സ്വദേശിയുമായ ബിജുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ചിറക്കരയിലാണ് സംഭവം. ശീമാട്ടിയിൽ നിന്ന് ചിറക്കര ഭാഗത്തേക്ക് സ്വന്തം കാറിൽ പോകുകയായിരുന്ന സി.ഐ പിന്നാലെ വന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ യുവാക്കളുടെ സംഘം ഓവർടേക്ക് ചെയ്ത് കയറി വാഹനം കുറുകെയിട്ട് സി.ഐയെ കാറിൽ നിന്ന് പിടിച്ചിറക്കി
ആക്രമിക്കുകയായിരുന്നു. മർദ്ദനമേറ്റ് അവശനിലയിലായ ബിജുവിനെ നാട്ടുകാരാണ് രക്ഷിച്ചത്. നാട്ടുകാരെയും ഭീഷണിപ്പെടുത്തിയ യുവാക്കൾ പാരിപ്പള്ളി പൊലീസ് എത്തിയപ്പോൾ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ ബിജു പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |