കൊല്ലം: 'മണ്ണിലിറങ്ങില്ലെന്ന ആക്ഷേപം' നട്ടുനനച്ച് വീട്ടുമുറ്റത്ത് ഭക്ഷ്യാരാമം ഒരുക്കിയിരിക്കുകയാണ് കൃഷി ഉദ്യോഗസ്ഥരായ ദമ്പതികൾ. കൊല്ലം തട്ടാമല പെറ്റൂണിയ വീട്ടിൽ ഷിബു കുമാറും ശ്രീവത്സയുമാണ് വീട്ടുവളപ്പ് ഫലവൃക്ഷങ്ങളും അലങ്കാര പൂക്കളും പച്ചക്കറിത്തോട്ടങ്ങളും കൊണ്ട് സമ്പന്നമാക്കിയത്.
തിരുവനന്തപുരം സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ മാനേജ്മെന്റ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെപ്യൂട്ടി ഡയറക്ടറാണ് ഷിബു കുമാർ. ഭാര്യ കൊല്ലം കൊറ്റങ്കരയിൽ കൃഷി ഓഫീസറും.
വൃത്താകൃതിയിൽ പുൽത്തകിടി കൊണ്ട് അലങ്കരിച്ച മുറ്റത്തിന്റെ വശങ്ങളിൽ സൈക്കസും ചെണ്ടുമല്ലിയും ബോഗൻവില്ലയും അഡീനിയവും തെറ്റിയും പത്തുമണിയും പൂത്തുനിൽക്കുന്നു. വീടിന്റെ ഓരം ചേർന്നാണ് ശീതകാല പച്ചക്കറികളായ കോളിഫ്ളവറും കാബേജും വ്യത്യസ്ത ഇനം ചീരകളുമുള്ളത്.
പറമ്പിന്റെ മറ്റൊരിടത്ത് ഫലവൃക്ഷങ്ങളായ തെങ്ങ്, പ്ലാവ്, മാവ്, അമ്പഴം, പാഷൻ ഫ്രൂട്ട്, സപ്പോട്ട, പൈനാപ്പിൾ, ഡ്രാഗൻ ഫ്രൂട്ട് തുടങ്ങിയവ ഫലമിട്ട് നിൽക്കുന്നു. പുരയിടത്തിൽ നിർമ്മിച്ച കുളത്തിൽ മലേഷ്യൻ വാള, തിലോപ്പിയ, ചിത്രലാഡ ഇനങ്ങളിലെ മീനുമുണ്ട്.
കൂടാതെ വിവിധ ഇനങ്ങളിൽപ്പെട്ട ഇരുപതോളം കോഴികൾ. മുട്ട വിറ്റുള്ള വരുമാനവും കൃഷി ആവശ്യത്തിനുള്ള വളവും കോഴി നൽകും. മരച്ചീനി, ചേമ്പ്, കാച്ചിൽ, ചേന തുടങ്ങിയ കിഴങ്ങ് വർഗങ്ങളും കുരുമുളക്, ഇഞ്ചി, മഞ്ഞൾ, വാഴ തുടങ്ങിയ കൃഷികളും പറമ്പിലുണ്ട്. അസോള കൃഷി മത്സ്യത്തിനും കോഴിക്കും ഭക്ഷണമായി ഉപയോഗിക്കുന്നു.
ഷിബുവിന് കൃഷി ഫാഷൻ
ഔദ്യോഗിക ജോലികൾ കഴിഞ്ഞാൽ കുടുംബത്തിന്റെ ശ്രദ്ധ കൃഷിയിലാണ്.
രാവിലെ എട്ടര വരെ ഷിബു കൃഷിത്തോട്ടത്തിലായിരിക്കും. ഷിബുകുമാർ ജോലി ചെയ്യുന്ന സ്ഥലത്തും പോഷക പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. 2020- 21ൽ മികച്ച കൃഷി അസി. ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മകൻ ലക്ഷ്മൺ എം.ബി.ബി.എസ് ഹൗസ് സർജൻസി ചെയ്യുന്നു. മകൾ മഹാലക്ഷ്മി രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.
ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ട എല്ലാ ഭക്ഷ്യവസ്തുകളും 20 സെന്റ് പുരയിടത്തിലുണ്ട്. വീട്ടാവശ്യം കഴിഞ്ഞുള്ളത് വിൽക്കും. ഒരു വർഷം ശരാശരി 60,000 രൂപ വരുമാനം ലഭിക്കും.
ഷിബു കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |