കൊല്ലം: കുണ്ടറയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കുണ്ടറ, കിഴക്കേ കല്ലട, പുത്തൂർ, ശാസ്താംകോട്ട സ്റ്റേഷനുകളിലെ പൊലീസുകാരുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന.
പ്രതികൾ കൊടും കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ ഇരുപതിലധികം കേസുകളിലെ പ്രതിയാണ് ആന്റണിദാസ് (22). ലിയോ പ്ളാസിഡ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഒൻപതിനാണ് ആന്റണിദാസ് പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെയാണ് കൊച്ചി ഇൻഫോപാർക്ക് പൊലീസിന്റെ ക്രിമിനൽ പട്ടികയിൽ വന്നത്. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള നിരവധി ആക്രമണക്കേസുകളാണ് ഇരുവർക്കുമെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്.
കഴിഞ്ഞവർഷം കിഴക്കേകല്ലടയിലെ ഒരു ബാറിൽ ആന്റണിദാസും ലിയോ പ്ലാസിഡും ചേർന്ന് ആക്രമണം നടത്തിയിരുന്നു. പിടികൂടാനെത്തിയ പൊലീസിനെയും പ്രതികൾ ആക്രമിച്ചു. കൊച്ചി ഇൻഫോപാർക്ക് പൊലീസിനെ ആക്രമിച്ച പ്രതികൾ കായൽ നീന്തിയാണ് രക്ഷപ്പെട്ടത്. ഇവരുടെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |