ചവറ: തേവലക്കര കൈപ്പുഴപാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽക്കൃഷിക്ക് വളപ്രയോഗം നടത്തി. വർഷങ്ങളായി തരിശ്കിടന്ന നെൽപ്പാടമായ കൈപ്പുഴപാടശേഖരത്തിൽ കൃഷിയിറക്കാൻ കൈപ്പുഴപാടശേഖരസമിതി തീരുമാനിക്കുകയും കഴിഞ്ഞവർഷം കൃഷിയിറക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞവർഷത്തെ കനത്തമഴ വിളവെടുപ്പിന് തടസമായി. ഈ വർഷത്തെ നെൽകൃഷിക്ക് ഡ്രോൺ ഉപയോഗിച്ചാണ് വളമിട്ടത്. കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ കെ.എ.യു സമ്പൂർണ്ണ മൾട്ടിമിക്‌സ് എന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്. സാങ്കേതിക സഹായങ്ങൾ ഏർപ്പെടുത്തിയത് കൊല്ലം കൃഷി വിജ്ഞാനകേന്ദ്രമാണ്. സൂക്ഷ്മമൂലകങ്ങൾ അടങ്ങിയ ഈ വളം ഇലയിൽ കൂടിയാണ് നൽകുന്നത്. ഒരു ഏക്കറിൽ വളപ്രയോഗത്തിന് ഒരു മനുഷ്യാദ്ധ്വാനം വേണ്ടിവരും. ഡ്രോണിന് 5 മിനിറ്റ് മതി. 20കി.മീ വേഗതയിലുള്ള കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ജി.പി.എസുമായി ബന്ധപ്പെടുത്തിയ അത്യാധുനിക ഡ്രോണാണ് ഉപയോഗിച്ചത്. കരുനാഗപ്പള്ളി താലൂക്കിൽ ആദ്യമായി നടന്ന ഡ്രോൺ വളപ്രയോഗത്തിന്റെ ഉദ്ഘാടനം ഡോ.സുജിത് വിജയൻപിള്ള എംഎൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം എസ്.സോമൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഫിലിപ്പ്, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ സുമയ്യ അഷ്രഫ്, സജി അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനസ് നാത്തയ്യത്ത്, രാധാമണി, ചവറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബീന ബോണിഫേസ്, കൃഷിഓഫീസർ രശ്മി, ഡോ.എം.ലേഖ, പാടശേഖരസമിതി ഭാരവാഹികളായ കെ.കെ.രാഘവൻ, ജി.ബേബി തുടങ്ങിയവരും കർഷകരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |