കൊല്ലം: മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ വൻ വർദ്ധവ്. ഇന്നലെ 106 ഗ്രാം എം.ഡി.എം.എയുമായി കൊട്ടാരക്കരയിൽ യുവാവിനെ പിടികൂടിയതാണ് ഒടുവിലത്തെ കേസ്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ജില്ലയിൽ എം.ഡി.എം.എ ഉൾപ്പെടെ മയക്കുമരുന്നുകൾ കൈവശം വച്ചതിന് 470 കേസുകൾ എക്‌സൈസ് രജിസ്റ്റർ ചെയ്തു. 451 പേർ അറസ്റ്റിലായി.
2021ൽ 218 കേസുകൾ രജിസ്റ്റർ ചെയ്യുകയും 231 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന് പുറമേ പൊലീസെടുത്ത കേസുകൾ വേറെയുമുണ്ട്.
അടുത്ത കാലത്ത് എം.ഡി.എം.എയും കഞ്ചാവും വലിയ തോതിൽ ജില്ലയിൽ എത്തുന്നതായാണ് സൂചന. കഞ്ചാവ് കൂടുതലും ആന്ധ്രയിൽ നിന്നും എം.ഡി.എം.എ ബംഗളൂരുവിൽ നിന്നുമാണ് എത്തുന്നത്.
ഇതിനിടെ അബ്കാരി കേസുകൾ കുറഞ്ഞത് ശ്രദ്ധേയമാണ്. 2021ൽ 1861 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം 1636 അബ്കാരി കേസുകളായി കുറഞ്ഞു. എന്നാൽ അറസ്റ്റിലായവർ 1324ൽ നിന്ന് 1502 ആയി ഉയർന്നു.
കൊറിയർ വഴിയും ലഹരി
കൊറിയർ വഴിയെത്തിയ മാരക ലഹരി മരുന്നുകൾ പിടികൂടിയ സംഭവവും ജില്ലയിലുണ്ടായി. കുണ്ടറയിൽ നിന്ന് 80 ഗ്രാമും കരുനാഗപ്പള്ളിയിൽ നിന്ന് 60 ഗ്രാമും എം.ഡി.എം.എ പിടിച്ചതാണ് ജില്ലയിൽ നേരത്തേയുള്ള വലിയ ലഹരി വേട്ട.
കരുനാഗപ്പള്ളിയിൽ നിന്ന് 19 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായതാണ് വലിയ കഞ്ചാവ് വേട്ട. കൊറിയർ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ 2000 ലഹരി ഗുളികകളും പിടികൂടി. ഇരുപതോളം യുവാക്കൾ അടങ്ങിയ റാക്കറ്റ് കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്നതായാണ് പിടിയിലായ പ്രതി നൽകിയ മൊഴി. 8000 മുതൽ 10000 ഗുളികകൾ വരെ മുംബയിൽ നിന്ന് കൊറിയർ വഴി കൊല്ലത്ത് എത്തിച്ചെന്നാണ് വിവരം. ഒരു ഗുളിക 200 രൂപയ്ക്കാണ് വിൽക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഉപഭോക്താക്കൾ.
2022ൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകൾ
അബ്കാരി -1636
മയക്കുമരുന്ന് - 450
അറസ്റ്റിലായവർ
അബ്കാരി -1502
മയക്കുമരുന്ന് - 451
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |