ചവറ: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടെന്ന സി.പി.എം തീരുമാനം ചരിത്രത്തിലെ രണ്ടാമത്തെ ഹിമാലയൻ മണ്ടത്തരമാണെന്ന് രമേശ് ചെന്നിത്തല. ചവറയിൽ ബേബി ജോൺ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റ് ഇടത് പാർട്ടികൾക്ക് ഭാരത് ജോഡോ സമാപന യോഗത്തിൽ പങ്കെടുക്കാമെങ്കിൽ സി.പി.എം മാറിനിൽക്കുന്നതിന്റെ കാരണം കേരള ഘടകം വ്യക്തമാക്കണം. മുപ്പത് ശതമാനം വോട്ടുള്ള ബി.ജെ.പിയെ പരാജയപ്പെടുത്താൻ എഴുപത് ശതമാനം വോട്ട് വാങ്ങുന്ന പ്രതിപക്ഷ പാർട്ടികളുടെ യോജിപ്പിനെ മുഖ്യമന്ത്രി എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മലയാളികൾക്കറിയാം. തെലുങ്കാനയിൽ കോൺഗ്രസ് പ്രതിപക്ഷ മുന്നണിക്കെതിരെ മൂന്നാം മുന്നണിയുണ്ടാക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്.
മോദി - അമിത്ഷാ കൂട്ടുകെട്ടിൽ പിണറായി വിജയനുമുണ്ട്. ബി.ജെ.പിയുടെ നാല് ശതമാനം വോട്ട് വാങ്ങി പിണറായി വിജയൻ തുടർഭരണം നേടിയത് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ഡീലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം.സാലി, കോക്കാട്ട് റഹീം, വാഴയിൽ അസീസ്, സി.പി.സുധീഷ് കുമാർ, ആർ.നാരായണപിള്ള, ഡേറിയസ് ഡിക്രൂസ്, സി.ഉണ്ണിക്കൃഷ്ണൻ, സക്കീർ ഹുസൈൻ, രാജേന്ദ്രപ്രസാദ്, ഇടവനശേരി സുരേന്ദ്രൻ, പാങ്ങോട് സുരേഷ്, അഡ്വ. വിഷ്ണു മോഹൻ, ഉല്ലാസ് കോവൂർ, ആർ.വൈ.എഫ് ചവറ മണ്ഡലം പ്രസിഡന്റ് സിയാദ് കോയിവിള, ഐക്യമഹിള സംഘം നേതാക്കളായ കെ.സിസിലി, ഐ.ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം എന്നിവർ സംസാരിച്ചു. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജോൺ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |