കോട്ടയം : ദുരിതത്തിലൂറുന്ന വയനാടിനെ ചേർത്ത് പിടിച്ച് കോട്ടയം. ലോഡ് കണക്കിന് സാധനങ്ങൾ എത്തിക്കുന്നതിന് പുറമെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രക്ഷാപ്രവർത്തനത്തിലും സജീവമാണ്. അഗ്നിശമന സേനയുടെ കോട്ടയം റീജിയണിൽ നിന്നുള്ള 54 അംഗ സംഘം ഇന്നലെ രാത്രിയോടെ വയനാട്ടിൽ എത്തി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കെ.എസ്.ആർ.ടി.സി ബസിലാണ് സംഘം പുറപ്പെട്ടത്. ചേർത്തല സ്‌റ്റേഷൻ ഓഫീസർ പ്രേമാനന്ദ്, കടുത്തുരുത്തി സ്‌റ്റേഷൻ ഓഫീസർ ജിജിമോൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. രണ്ട് വീതം സ്‌റ്റേഷൻ ഓഫീസർമാർ, എട്ട് സീനിയർ ഫയർ ഓഫീസർമാർ, ഒരു മെക്കാനിക്ക്, നാലു ഡ്രൈവർമാർ, 33 ഫയർ ഓഫീസർമാർ, 4 ഹോംഗാർഡുകൾ എന്നിവരാണ് സംഘത്തിലുള്ളത്. ആദ്യഘട്ടത്തിൽ എത്തിയ ഒരു വിഭാഗം ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതിനൊപ്പം തെരച്ചിലും രക്ഷാപ്രവർത്തനവും കൂടുതൽ ഉൗർജ്ജിതമാക്കാനാണ് ജില്ലയിൽ നിന്ന് കൂടുതൽ സേനയെ അയച്ചത്. മറ്റു സർക്കാർ വകുപ്പുകളിൽ നിന്നും ഉദ്യോഗസ്ഥർ വയനാട്ടിൽ എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി വയനാട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി നിരവധിപ്പേർ കാത്തിരിപ്പുണ്ടെങ്കിലും സർക്കാർ നിയന്ത്രണമുള്ളതിനാൽ യാത്ര വേണ്ടെന്ന് വച്ചിരിക്കുകയാണ്.
കളക്ഷൻ സെന്ററുകൾ സജീവം
കുപ്പി വെള്ളം മുതൽ ബിസ്കറ്റും ബ്രഡും തുണികളുമൊക്കെയായി കളക്ഷൻ സെന്ററുകൾ സജീവമായി. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ വ്യാപാരി സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും വയനാൻ മണ്ണിലേയ്ക്ക് തങ്ങളുടെ ഓഹരി അയച്ചു കഴിഞ്ഞു. ബസേലിയസ് കോളേജിലാണ് കളക്ടേറ്റിലെ കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്. ഏകോപനത്തിന് ഉദ്യോഗസ്ഥ വൃന്ദവും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |