കോട്ടയം : കൊടുംകുറ്റവാളി ഗോവിന്ദച്ചാമി സെൻട്രൽ ജയിൽച്ചാടിക്കടന്ന് ഞെട്ടിച്ചതോടെ പലതവണ പ്രതികൾ രക്ഷപ്പെട്ട കോട്ടയം ജില്ലാ ജയിലിലും മറ്റ് രണ്ട് സബ് ജയിലുകളിലും സുരക്ഷ ശക്തമാക്കും. അടുത്തിടെ ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട അന്യസംസ്ഥാനക്കാരനെ പിടികൂടിയെങ്കിലും സംഭവം ആവർത്തിക്കരുതെന്നാണ് ജയിൽ വകുപ്പ് മേധാവിയുടെ നിർദ്ദേശം.
ജയിൽ സൂപ്രണ്ടുമാരുമായി ഓൺലൈൻ മീറ്റിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ അനുവദനീയമായതിന്റെ ഇരട്ടിയിലധികം തടവുകാരും ജീവനക്കാരുടെ കുറവുമാണ് പോരായ്മകൾ. പൊൻകുന്നം , പാലാ സബ് ജയിലുകളിലും സാഹചര്യമിതാണ്. എന്നാൽ ഈ രണ്ട് ജയിലുകൾക്കും 12 അടി ഉയരുമുള്ള മതിലുള്ളതാണ് ഏക ആശ്വാസം. കോട്ടയത്ത് മതിലിന്റെ ഉയരക്കുറവ് മുതലെടുത്ത് മൂന്ന് വർഷത്തിനിടെ രണ്ട് പേരാണ് ജയിൽചാടിയത്. അവസാന സംഭവത്തിന്റെ പശ്ചാത്തലത്തിൽ മതിലിന് മുകളിൽ സ്ഥാപിച്ച വേലിയിൽ ഷീറ്റ് ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അസൗകര്യങ്ങളുടെ തടവിൽ
നഗരമദ്ധ്യത്തിൽ 55 സെന്റ് സ്ഥലത്താണ് ജില്ലാ ജയിൽ. 15 സെല്ലുകളിലായി 67 പേരെ പാർപ്പിക്കാവുന്ന ജയിലിൽ ഇന്നലെ 132 പേരായിരുന്നു. എട്ടുപേർ സ്ത്രീകളാണ്. 40 ജീവനക്കാർ വേണ്ടിടത്ത് 28 പേരാണുള്ളത്. 57 വർഷം പഴക്കമുള്ള പാലാ സബ് ജയിൽ 40.45 സെന്റിലാണ്. 20 തടവുകാർക്ക് കഴിയാമെങ്കിലും പാർപ്പിക്കുന്നത് 40 പേരെ. 15 ജീവനക്കാരാണുള്ളത്. പൊൻകുന്നത്ത് 52 സെന്റ് സ്ഥലത്താണ് ജയിൽ. 2013 ലാണ് സ്‌പെഷ്യൽ സബ് ജയിലായി ഉയർത്തിയത്. 26 തടവുകാർക്കാണ് അനുമതിയെങ്കിലും പാർപ്പിക്കുന്നത് 60 പേരെ. 16 ജീവനക്കാരുണ്ടെങ്കിലും അവധി പോലും എടുക്കാൻ കഴിയാത്ത സാഹചര്യമാണ്.
ജാഗ്രതയിങ്ങനെ
സി.സി.ടി.വി നിരീക്ഷണം ശക്തമാക്കും
പ്രശ്നക്കാരെ പ്രത്യേക നിരീക്ഷണം
മുൻപ് ജയിൽ ചാടിയവർക്ക് പ്രത്യേക സുരക്ഷ
മതിലിന് ചുറ്റും സ്ഥിരം നിരീക്ഷണം
അഴികളുടെ സുരക്ഷാ പരിശോധന
''റെയിൽവേ സ്റ്റേഷനും പ്രധാന റോഡുമെല്ലാം സമീപമുള്ളതിനാൽ ജില്ലാ ജയിലിൽ മതിലിനടക്കം ഉയരം കൂട്ടി സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. കർശന നിയന്ത്രണങ്ങളേർപ്പെടുത്തും.
-ജയിൽ അധികൃതർ
ജില്ലാ ജയിൽ സ്ഥാപിച്ചത് : 1959
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |