വടക്കാഞ്ചേരി : അകമല മാരാത്തുകുന്ന് മേഖല കൈയടക്കി കാട്ടാനക്കൂട്ടം. നേരത്തെ രാത്രിയിലായിരുന്നു ആന വിഹാരമെങ്കിൽ ഇപ്പോൾ പട്ടാപ്പകലാണ്. തുടർച്ചയായി ഏതാണ്ട് രണ്ടാഴ്ചയോളമായി ആനകളെത്താൻ തുടങ്ങിയിട്ട്. തെങ്ങും വാഴകളും നശിപ്പിച്ചു. റബ്ബർ മരങ്ങൾ കുത്തിമറിച്ചിട്ടു. വെള്ളാംകുണ്ടിൽ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടം നിലംപരിശാക്കി. കഴിഞ്ഞ ദിവസം രാവിലെയെത്തിയ ആനയെ തുരത്താൻ നാട്ടുകാർ ഒന്നടങ്കം ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ വനപാലകരെത്തി പടക്കം പൊട്ടിച്ചും ബഹളം വച്ചുമാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കാട് കയറ്റിയത്. ഇത് വലിയ ആശങ്കയും ഭീതിയും സമ്മാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി കാട്ടാനകൾ ഈ മേഖലയിലുണ്ട്. നേരത്തെ വാഴാനി കാക്കിനിക്കാട് ആദിവാസി ഉന്നതിയിലും കാട്ടാന ശല്ല്യം രൂക്ഷമായിരുന്നു.
മച്ചാട് വനമേഖലയിൽ ആന ശല്യം രൂക്ഷമാണെങ്കിലും ഇവിടെ റാപ്പിഡ് റെസ്‌പോൺസ് ടീമില്ല. പട്ടിക്കാടാണുള്ളത്. മച്ചാട് മേഖലയിൽ ആനയിറങ്ങിയാൽ പട്ടിക്കാട് നിന്ന് ആർ.ആർ.ടി സംഘമെത്തണം. ഇതിനിടെ മച്ചാട് റേഞ്ചിൽ നിന്ന് പട്ടിക്കാട് റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) ലേക്ക് എസ്.എഫ്.ഒ അടക്കം ഏഴ് പേരെ മാറ്റുകയും ചെയ്തു. ഇതോടെ മച്ചാട് ഫോറസ്റ്റ് റേഞ്ചിന്റെ പ്രവർത്തനം ദുർബലമായി.
ആനകൾ സൃഷ്ടിക്കുന്നത് സർവനാശം
അകമലയിൽ ഇറങ്ങുന്ന ആനകൾ സൃഷ്ടിക്കുന്നത് സർവനാശമാണെന്ന് കർഷകർ പറയുന്നു. ഇതിനകം മേഖലയിൽ 2000 വാഴകൾ ആനകൾ നശിപ്പിച്ചു. കവുങ്ങ്, തെങ്ങ്, റബ്ബർ മരങ്ങൾ, കുടിവെള്ള പദ്ധതികൾ, കുഴൽകിണറുകൾ എന്നിവയോടൊപ്പം വീടുകൾക്കും കേടുപാട് വരുത്തി. 18 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സോളാർ ഫെൻസിംഗ് കമ്മിഷൻ ചെയ്ത് ഒരു മാസത്തിനകം പ്രവർത്തന രഹിതമായി. നാല് ആനകൾ മേഖലയിൽ വിഹരിക്കുന്നതായി വനം വകുപ്പ് പറയുന്നു. ആനകളിൽ ഒന്നിനെപ്പോലും തുരത്താനായില്ലെന്ന് അകമലയിലെ കർഷകൻ ഷാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |