അഞ്ചൽ: അഞ്ചൽ ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം വർദ്ധിച്ചുവരുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. തിരക്കേറിയ ടൗണിന്റെ മിക്ക ഭാഗങ്ങളിലും തെരുവ് നായ്ക്കൾ അലഞ്ഞ് തിരിയുന്നത് പതിവാണ്. ആർ.ഒ. ജംഗ്ഷനിലെ ഫുട്പാത്തുകളിലൂടെയും ബസ് സ്റ്റോപ്പുകളിലൂടെയും നായശല്യം കാരണം യാത്രക്കാർക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. നായ്ക്കളെ ഭയന്ന് ആളുകൾ ഫുട്പാത്തിലൂടെയുള്ള യാത്ര ഉപേക്ഷിച്ച മട്ടാണ്. സ്കൂളുകളിലേക്കും മറ്റും പോകുന്ന കുട്ടികൾ പലപ്പോഴും തെരുവുനായ്ക്കളെ ഭയന്ന് ഓടുന്നത് ഇവിടെ നിത്യസംഭവമാണ്. അടച്ചിട്ടിരിക്കുന്ന കടകളുടെ മുൻവശത്തും അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലും നായ്ക്കളുടെ ശല്യം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. അഞ്ചൽ സർക്കാർ ആശുപത്രിക്ക് സമീപം പോലും തെരുവുനായ ശല്യം രൂക്ഷമാണ്. ഇവിടെവെച്ച് പലരെയും നായ്ക്കൾ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.
നടപടിയെടുക്കാതെ പഞ്ചായത്ത്
നായ്ക്കളെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ അഞ്ചലിലും സമീപ പ്രദേശങ്ങളിലും കൊണ്ടുവിടുന്നതായും ആക്ഷേപമുണ്ട്. തെരുവ് നായ ശല്യത്തിനെതിരെ അഞ്ചൽ ഗ്രാമപഞ്ചായത്തിൽ ദിനം പ്രതി നിരവധി പരാതികളാണ് എത്തുന്നത്. എന്നാൽ പഞ്ചായത്ത് അധികൃതർ ഈ കാര്യത്തിൽ പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിച്ച് പോരുന്നതെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
ടൗണിൽ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം. ചുറ്റുപാടുമുള്ള പഞ്ചായത്തുകൾ ഈ കാര്യത്തിൽ പലനടപടികളും കൈക്കൊണ്ടിട്ടുണ്ടെങ്കിലും അഞ്ചൽ പഞ്ചായത്ത് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഈ കാര്യത്തിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകണം.
ബി.വേണുഗോപാൽ പനച്ചവിള (മെമ്പർ അഞ്ചൽ സുഹൃത് വേദി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |