പാലാ: താഴ്ന്നുകിടന്ന കെ.എസ്.ഇ.ബി. സർവ്വീസ് വയറിൽ കഴുത്ത് കുടുങ്ങി ബൈക്ക് യാത്രികനായ കർഷകൻ റോഡിൽ തെറിച്ചുവീണ് കാലൊടിഞ്ഞു. രാമപുരം വെട്ടിക്കുഴിച്ചാലിൽ വിനോദിന് (48) ആണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം.
രാമപുരത്തുനിന്ന് വെള്ളിലാപ്പള്ളിയിലെ പമ്പിലേക്ക് പെട്രോളടിക്കാനായി ബൈക്കിൽ പോകുകയായിരുന്നു വിനോദ്. വെള്ളിലാപ്പള്ളി സ്‌കൂളിന് മുൻവശത്തുനിന്ന് എതിർദിശയിലെ കെട്ടിടത്തിലേക്ക് വലിച്ചിരുന്ന സർവീസ് വയർ വളരെ താഴ്ന്ന് കിടക്കുകയായിരുന്നു. ഇതറിയാതെ ബൈക്കിലെത്തിയ വിനോദിന്റെ കഴുത്തിൽ വയർ കുടുങ്ങുകയായിരുന്നു. ഇതോടെ വിനോദ് തെറിച്ചു വീണു. വലതുകാലിന് ഒടിവ് സംഭവിച്ചു. സർവീസ് വയറും പൊട്ടിവീണു. വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നു. പിന്നീട് പരിസര വാസികൾ വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് ലൈൻ ഓഫ് ആക്കിയത്. വിനോദിനെ അരുണാപുരം മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |