കുട വിപണി നിവർന്നു

Tuesday 12 May 2026 12:24 AM IST

കോട്ടയം : വേനൽ മുതൽ കുടവിപണി ഉഷാറായതിന്റെ സന്തോഷത്തിൽ വ്യാപാരികൾ. മഴക്കാലത്ത് മാത്രം കുടയന്വേഷിച്ചവർ കടുത്ത വേനലിലും കുടതേടി. രണ്ടരമാസമായി വിപണി ഉഷാറാണ്. ആദ്യ സ്റ്റോക്ക് തീർന്ന് സ്കൂൾ വിപണിയ്ക്കായി വ്യാപാരികൾ പുതിയത് എടുത്തു. ബാഗിൽ കൊണ്ടുനടക്കാവുന്ന രണ്ട്, മൂന്ന്, അഞ്ച് മടക്കുകളുള്ള കുടകളുണ്ടെങ്കിലും ജെൻസികൾക്കും പുരുഷന്മാർക്കും കാലൻ കുടകൾക്കാണ് പ്രിയം. വലിപ്പം, നിറം, രൂപകല്പന എന്നിവയുടെ വൈവിദ്ധ്യത്താൽ കുടയിനങ്ങൾക്കാണ് ഡിമാൻഡ്. രണ്ടായിരം രൂപ വിലയുള്ള കുടകളുമുണ്ട്.

ഇനി പ്രതീക്ഷ സ്കൂൾ വിപണി

ഫെബ്രുവരി പകുതിയോടെ കുടയ്ക്ക് ഡിമാൻഡേറിയതോടെ ഇടയ്ക്ക് ക്ഷാമവും നേരിട്ടു. സ്‌കൂൾ വിപണി ലക്ഷ്യം വച്ച് കമ്പനികൾ അസംസ്‌കൃത വസ്തുക്കൾ കരുതിയതിനാൽ പെട്ടെന്ന് ഉത്പാദനം കൂട്ടാനായി. നേരത്തെ വിപണി ഉണർന്നതിനാൽ സ്കൂൾ സീസണിൽ കച്ചവടം കുറയേമോയെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. വെയിലിനെ പേടിച്ച് മിക്ക വീടുകളിലും കുട സ്ഥാനം പിടിച്ചതോടെ മഴക്കാലത്തേയ്ക്കായി ഇനി വാങ്ങാൻ ആളെത്തുമോയെന്നതാണ് ആശങ്ക.

വില 350 മുതൽ

വർദ്ധിച്ചത് 30 % കച്ചവടം

'' കുടക്കച്ചവടം ഇക്കുറി ഉഷാറാണ്. സ്കൂൾ വിപണിയിലും വെറൈറ്റി കുടകളാണ് കമ്പനികൾ ഒരുക്കിയിരിക്കുന്നത്. കെ.കെ.ജോസഫ്, വ്യാപാരി