കോട്ടയം . ഓണത്തിന് വേറിട്ട ആശയം നടപ്പാക്കി തപാൽ വകുപ്പ്. ഊഞ്ഞാലാടുന്ന സ്വന്തം ചിത്രം തപാൽ സ്റ്റാമ്പ് രൂപത്തിൽ ഓണസമ്മാനമായി വീട്ടിലെത്തും. ഡ്രീം സെറ്റേഴ്സ് എന്ന സംഘടന തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി ഇതിനുള്ള അവരമൊരുക്കി. ഇന്നലെ രാവിലെ 10 മുതൽ 1 വരെ സി എം എസ് കോളേജ് ഗ്രൗണ്ടിലാണ് ഊഞ്ഞാൽ തയ്യാറാക്കിയത്. 53 പേർ പരിപാടിയിൽ പങ്കാളികളായി. കൊച്ചുകുട്ടികളായിരുന്നു ഏറെയും. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് അലീന ഷെറിൻ ഫിലിപ്പ് ഓണ ഊഞ്ഞാലും മൈ സ്റ്റാമ്പ് പരിപാടിയും ഉദ്ഘാടനം ചെയ്തു. എല്ലാവിധ കത്തിടപാടുകൾക്കും ഉപയോഗിക്കാവുന്ന 5 രൂപ മൂല്യമുള്ള 12 തപാൽ സ്റ്റാമ്പുകളാണ് ഓണ ഊഞ്ഞാലിലുള്ള സ്വന്തം ഫോട്ടോ പതിച്ച് ലഭിക്കുക. 300 രൂപയായിരുന്നു നിരക്ക്. സ്റ്റാമ്പുകൾ ഓണത്തിന് മുൻപ് വീട്ടിലെത്തും. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരാശയം തപാൽ വകുപ്പ് നടപ്പാക്കിയത്. 'മൈ സ്റ്റാമ്പ്' പദ്ധതി നിരവധിപ്പേർ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവാഹചിത്രവും ലോഗോയും ജന്മദിന ചിത്രവുമൊക്കെ സ്റ്റാമ്പ് രൂപത്തിലാക്കുന്നവരേറെയാണ്. പരിപാടി വിജയകരമായിരുന്നുവെന്നും അടുത്താഴ്ച കോട്ടയം ഹെഡ് ഓഫീസിൽ ഇത് വിപുലമായ രീതിയിൽ നടത്താൻ പദ്ധതിയുണ്ടെന്നും തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കെ കെ വിനു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |