വടകര: ശുചിത്വത്തിലൂടെ സുന്ദര കേരളമെന്ന പ്രഖ്യാപനവുമായി കേരളകൗമുദി വടകര കീഴൽമുക്ക് എസ്.എൻ കോളേജിൽ സംഘടിപ്പിച്ച 'ശുചിത്വ കേരളം സുന്ദരകേരളം' ബോധവത്ക്കരണ സെമിനാർ ശ്രദ്ധേയമായി. തദ്ദേശ സ്വയംഭരണ വകുപ്പ്, വടകര എസ്.എൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ്, സ്റ്റുഡൻസ് കാമ്പസ് ഓഫ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ നടന്ന സെമിനാറിൽ മണലിൽ മോഹനൻ ക്ലാസെടുത്തു. നാം മാലിന്യമായി കണ്ട് വലിച്ചെറിയുന്ന ഓരോ വസ്തുവും ജാഗ്രതയോടെ കൈകാര്യം ചെയ്താൽ വിലപിടിപ്പുള്ളതും ഉപകാരപ്രദവുമായ ഉപകരണങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് മോഹനൻ പറഞ്ഞു. ജൈവ - അജൈവ മാലിന്യം തരംതിരിച്ച് വീട്ടിലെത്തുന്ന ഹരിതസേനാംഗങ്ങൾക്ക് കൈമാറണമെന്നും പൊതുവഴികളിലോ മറ്റോ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ തയ്യാറാവണമെന്നും എൽ.എസ്ജി. ഡി അസി. ഡയറക്ടർ പൂജാലാൽ പറഞ്ഞു. വടകര നഗരസഭ ചെയർപേഴ്സൺ കെ.പി .ബിന്ദു സെമിനാർ ഉദ്ഘാടനം ചെയ്തു. ജനുവരി 26 ന് കേരളം സമ്പൂർണ മാലിന്യ മുക്തമെന്ന സർക്കാർ പ്രഖ്യാപനം വരുന്നതിന് മുന്നേ വടകര നഗരസഭ മാലിന്യ മുക്തമാക്കാൻ കഴിഞ്ഞതിന്റെ അംഗീകാരം നേടിയെന്ന് കെ.പി .ബിന്ദു പറഞ്ഞു. വടകര എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുള കെ.കെ, എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ വൈസ് പ്രസിഡന്റ് ഹരിമോഹൻ, കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് തലവൻ പ്രൊഫ: എം.പി.നാരായണൻ, കോളേജ് യൂണിയൻ ചെയർമാൻ അഭിരാം .ഒ.കെ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ സ്വാഗതവും വടകര ലേഖകൻ ബാലകൃഷ്ണണൻ വെള്ളികുളങ്ങര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |