കോഴിക്കോട്: പ്രകൃതിദുരന്തം മൂലം കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം വെെകുന്നത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. ദുരിതാശ്വസ ഇനത്തിലും സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിലുമായി കർഷകർക്ക് അനുവദിച്ച 5,01,15000 കോടിയിലധികം രൂപയാണ് ഇനി കൊടുക്കാനുള്ളത്. 2021 മേയ് 18 വരെയുള്ള നഷ്ടപരിഹാര തുക നൽകിയെങ്കിലും അതിന് ശേഷമുള്ള തുകയാണ് കുടിശ്ശികയായത്. ഈ സാമ്പത്തിക വർഷവും കഴിഞ്ഞ സാമ്പത്തിക വർഷവും ഒരു രൂപ പോലും കർഷകരുടെ അക്കൗണ്ടുകളിലെത്തിയിട്ടില്ല.
പ്രകൃതി ക്ഷോഭ ദുരിതാശ്വാസമായി ലഭിക്കേണ്ട തുക 2021 മേയ് 18 വരെയുള്ളതാണ് കർഷകർക്ക് ലഭിച്ചിട്ടുള്ളത്. 2021 -22 ൽ 1.515 കോടിയാണ് കർഷകർക്ക് നൽകാനുണ്ടായിരുന്നത്. ഇതിൽ 87.4 ലക്ഷം മാത്രമാണ് കർഷകർക്ക് നൽകിയത്. ബാക്കി 85.85 ലക്ഷം രൂപയാണ് കൊടുക്കാനുള്ളത്. 2022 -23 ൽ 1.86 കോടിയും 23 -24 സാമ്പത്തിക വർഷത്തിൽ 17.3 ലക്ഷവും കർഷകർക്ക് നൽകാനുണ്ട്.
സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിൽ 2021-22 ജൂലായ് 18 വരെയുള്ള 2.5 കോടി മാത്രമാണ് കർഷർക്ക് നൽകിയത്. 2022 -2023 ൽ 2.486 കോടിയാണ് കൊടുക്കാനുണ്ടായിരുന്നത്. അതിൽ 2022 ആഗസ്റ്റ് വരെയുള്ള 1.6193 കോടി കൊടുത്തു. 87 ലക്ഷം കൊടുക്കാനുമുണ്ട്. കർഷകർ പ്രീമിയം അടക്കുന്ന വിള ഇൻഷ്വറൻസിൽ 2023 -24 വർഷത്തിൽ 1.27 കോടിയാണ് കുടിശ്ശികയായിട്ടുള്ളത്.
വിളനാശത്തിന് കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം കർഷകരാണ് നഷ്ടപരിഹാരത്തുകയ്ക്കായി കാത്തിരിക്കുന്നത്. ജില്ലയിൽ ആയിരത്തിലധികം പേരും. എന്നാൽ സാമ്പത്തിക വർഷം തീർന്നിട്ടും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നഷ്ട പരിഹാരം ലഭിക്കാതായതോടെ കർഷകർ
പ്രതിസന്ധിയിലായിരിക്കുകയാണ്. ഇടയ്ക്കിടെയുള്ള കാലാവസ്ഥാ വ്യതിയാനവും മറ്റും കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ കർഷകരുടെ മേൽ ഇരട്ടി പ്രഹരമാണ് ഏൽപ്പിക്കുന്നത്. മഴയും വെള്ളപ്പൊക്കവും, മാറി വരുന്ന കാലാവസ്ഥയും മൂലം കോടികളുടെ കൃഷിയാണ് ജില്ലയിൽ നശിച്ചത്. ഇതിലൂടെ ആയിരക്കണക്കിന് കർഷകരാണ് ദുരിതത്തിലായത്. നെല്ല്, വാഴ, കപ്പ, റബർ, ജാതി, കുരുമുളക്, വിവിധയിനം പച്ചക്കറികൾ എന്നിവയാണ് ഏറ്റവും കൂടുതൽ നശിച്ചത്.
@എയിംസ് പോർട്ടൽ
പ്രകൃതിക്ഷോഭത്തിലുണ്ടായ വിളനാശത്തിന് കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനാണ് എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, ഭൂകമ്പം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം ഉണ്ടാകുന്ന നാശത്തിനാണ് പണം കിട്ടുക.നഷ്ടപരിഹാരത്തിനായി പത്ത് ദിവസത്തിനുള്ളിൽ എയിംസ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം.
@ കുടിശ്ശിക
പ്രകൃതി ക്ഷോഭ ദുരിതാശ്വാസം
2021-22 : 85.85 ലക്ഷം
2022-23 : 1.86 കോടി
2023-24 : 17.3 ലക്ഷം
സംസ്ഥാന വിള ഇൻഷുറൻസ്
2022-23 : 87 ലക്ഷം
2023-24: 1.27 കോടി
''കഴിഞ്ഞ ദിവസം പെയ്ത മഴയിലും ഏക്കറു കണക്കിന് കൃഷിയാണ് നശിച്ചത്. കർഷകരെല്ലാം ദുരിതത്തിലാണ്.
മുടങ്ങിക്കിടക്കുന്ന നഷ്ടപരിഹാരത്തുക സർക്കാർ എത്രയും പെട്ടെന്നുതന്നെ തന്നുതീർക്കണം''
ദാമോദരൻ,
നെൽ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |