മന്ത്രിയ്ക്ക് മറുപടിയുമായി രാമനാട്ടുകര നഗരസഭ
രാമനാട്ടുകര: വസ്തുനികുതി പരിഷ്ക്കരണത്തിൽ വീഴ്ച വരുത്തിയെന്ന തദ്ദേശസ്വയംഭരണ മന്ത്രിയുടെ വിമർശനം തള്ളി രാമനാട്ടുകര നഗരസഭ. നികുതി അടയ്ക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കിയില്ലെന്ന മന്ത്രിയുടെ വിമർശനം വസ്തുതകൾ മനസിലാക്കാതെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചെയർപേഴ്സൺ ബുഷ്റ റഫീഖ് .
നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 2016ലെ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാലാണ് ഓൺലൈൻ സംവിധാനവും നികുതിപരിഷ്കരണവും നടക്കാതെ പോയത്. കേസിൽ ഒന്നാംപ്രതിയായ സംസ്ഥാന സർക്കാർ വിഷയത്തിൽ ഒരിടപെടലും നടത്താത്തതിനാലാണ് കാലതാമസം നേരിട്ടത്. 2020ൽ അധികാരത്തിൽ വന്ന നഗരസഭാ ഭരണസമിതിയുടെ നിരന്തര ഇടപെടലിലൂടെയാണ് 2023 ഡിസംബറിൽ സ്റ്റേ നീങ്ങിയത്. തുടർന്ന് സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗരസഭയിലെ 31 ഡിവിഷനുകളിലും ദ്രുതഗതിയിൽ റിവിഷൻ നടത്തി ഡാറ്റ എൻട്രി ചെയ്യുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. വസ്തുതകൾ ഇതായിരിക്കെ നഗരസഭയിൽ നികുതി അടയ്ക്കാൻ സാധിക്കാത്തതിന്റെ പൂർണ ഉത്തരവാദിത്വം നഗരസഭയുടെ തലയിൽ വെച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത ശരിയല്ലെന്നും ബുഷ്‌റ റഫിഖ് വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |