കോഴിക്കോട് : ട്വിസ്റ്റും ത്രില്ലും നിറഞ്ഞ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിയതോടെ കോഴിക്കോട്ട് വേനൽച്ചൂടിനെ വെല്ലും പോരാട്ടച്ചൂട്. നേരത്തെ പ്രചാരണത്തിനിറങ്ങിയ എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും പിന്നാലെ വടകരയിൽ ഷാഫി പറമ്പിൽ വന്നതോടെ യു.ഡി.എഫും സജീവമായി. കേന്ദ്ര സർക്കാർ പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ ജില്ലയിൽ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകും
വടകരയുടെ മുക്കുംമൂലയിലുമെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ ആദ്യഘട്ട പ്രചാരണം പൂർത്തിയാവുമ്പോഴാണ് വടകരയിലേക്ക് ഷാഫി പറമ്പിലിന്റെ മാസ് എൻട്രി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണനും മണ്ഡലത്തിലെ ആദ്യ ഘട്ട പര്യടനം പൂർത്തിയാക്കി. മൂന്ന് മുന്നണികൾക്കും പ്രചാരണത്തിൽ വലിയ ആൾക്കൂട്ടം വടകരയിൽ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. ആരോഗ്യ മന്ത്രിയായിരുന്നപ്പോഴുള്ള കെ.കെ. ശൈലജയുടെ പ്രവർത്തനമാണ് എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഹൈലൈറ്റ്. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനം ഉൾപ്പടെ ചൂണ്ടിക്കാണിച്ച് കോൺഗ്രസിന് വിശ്വാസ്യതയില്ലെന്ന് ബോദ്ധ്യപ്പടെത്താനുള്ള രാഷ്ട്രീയ പ്രചാരണമാണ് സി.പി.എമ്മും എൽ.ഡി.എഫും നടത്തുന്നത്.
കെ. മുരളീധരൻ മണ്ഡലം മാറിയതോടെ പ്രതിസന്ധിയിലായ യു.ഡി.എഫിന് വലിയ ഊർജമാണ് ഷാഫി പറമ്പിൽ ഒറ്റ ദിവസത്തെ പ്രചാരണം കൊണ്ട് നൽകിയത്. മൂന്നാം സീറ്റിനായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നിരാശരായ മുസ്ലിം ലീഗ് അണികൾ ആവേശത്തോടെയാണ് ഷാഫിയെ ഏറ്റെടുത്തത്. ഹൈക്കോടതി വിധിയോടെ വീണ്ടും ചർച്ചയായ ടി.പി. ചന്ദ്രശേഖരൻ വധം ഉയർത്തിയാണ് ഷാഫി പ്രചാരണത്തിന് തുടക്കമിട്ടത്. മുരളീധരൻ മാറിയപ്പോൾ എതിർപ്പുയർത്തിയ ആർ.എം.പി.ഐക്കും ഷാഫി സ്വീകാര്യനായി. ടി.പിയുടെ വീട്ടിൽനിന്ന് ഇന്നലെ അദ്ദേഹം പ്രചാരണം ആരംഭിച്ചു.
അഴിയൂർ - മാഹി ബൈപ്പാസിലൂടെ റോഡ് ഷോ നടത്തിയാണ് പ്രഫുൽ കൃഷ്ണ ഇന്നലെ പ്രചാരണത്തിൽ സജീവമായത്. കുമ്മനം രാജശേഖരനുൾപ്പടെയുള്ള നേതാക്കൾ പ്രചാരണത്തിൽ പങ്കാളികളായി.
ഇടതിന്റെ ശക്തികേന്ദ്രമാണെങ്കിലും കഴിഞ്ഞ മൂന്ന് തവണയും എം.കെ. രാഘവന് മുന്നിൽ പരാജയം രുചിക്കേണ്ടി വന്ന എൽ.ഡി.എഫ് ഇത്തവണ കോഴിക്കോട് മണ്ഡലം തിരിച്ചുപിടിക്കാനുറച്ചാണ് രംഗത്തിറങ്ങിത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭ എം.പിയുമായ എളമരം കരീം താഴെ തട്ടുമുതൽ കരുത്തുറ്റ പ്രചാരണമാണ് നടത്തുന്നത്. മറ്റ് മണ്ഡലങ്ങളിൽ നിന്ന് വിഭിന്നമായി എം.കെ. രാഘവൻ എം.പി നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നു. ജനഹൃദയ യാത്ര നടത്തി ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി. ബി.ജെ.പി എം.ടി. രമേശിനെ മത്സരരംഗത്തിറക്കിയതോടെ കോഴിക്കോട്ടെ പോരാട്ടം മുറുകി. ഇന്നലെ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്നലെ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |