വടകര :വടക്ക് ബേക്കൽ മുതൽ തെക്ക് കോവളം വരെ 620 കിലോമീറ്റർ നീണ്ടുകിടക്കുന്ന വിവിധ നദികൾ കായലുകൾ കനാലുകൾ എന്നിവ കൂട്ടിയിണക്കിയുള്ള ദേശീയ ജലപാതാ പദ്ധതി യാഥാർത്ഥ്യമായാൽ ചരക്ക് - ജലഗതാഗത - ടൂറിസം മേഖലകളിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിൻ്റെ വടകര - മാഹി കനാൽ ഭാഗം വടകര പാർലമെൻ്റ് മണ്ഡലത്തിലാണ്. കുറ്റ്യാടി - മാഹി പുഴകൾക്കിടയിലുള്ള വടകര - മാഹി കനാലിൻ്റെ നീളം 17.61 കിലോമീറ്ററാണ്. 60 വർഷങ്ങൾക്കു മുമ്പു തന്നെ ഇതിനു വേണ്ട സ്ഥലം ഏറ്റെടുത്ത് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പ്രവൃത്തി മുടങ്ങി. പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത് 2013 ലാണ് . മൂഴിക്കൽ മുതൽ കന്നിനട പാലത്തിനു വടക്കു വരെയുള്ള നാലു കിലോമീറ്റർ. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവൃത്തി ആരംഭിച്ചുവെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ചതുപ്പ് നിലമായതിനാൽ നിർമ്മാണ വേളയിൽ ഇടിഞ്ഞു താണു പോകുന്ന അവസ്ഥയാണുള്ളത്. കനാലിൻ്റെ ഇരുകരകളിലും നേരിയ ചെരിവ് മാത്രം നൽകി പ്രശ്നം പരിഹരിക്കുന്നതിനായി ഇരുഭാഗത്തും അധികമായി സ്ഥലം ഏറ്റെടുത്ത് പ്രവൃത്തി പുരോഗമിച്ചു വരുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കലാണ് ഉദ്ദേശം. കന്നിനട മുതൽ നരിക്കോത്തു താഴെ വരെയുള്ള 3.30 കി.മീ ഭാഗത്ത് നിർമ്മാണം ഏറെക്കുറെ പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ റീച്ചിലെ കോട്ടപ്പള്ളി റോഡ് ബ്രിഡ്ജ് വരുന്ന ഭാഗത്തും കണ്ണങ്കുട്ടി സ്റ്റീൽ നടപ്പാലം വരുന്ന ഭാഗത്തെ ഏതാനും മീറ്ററുകൾ മാത്രമാണ് പൂർത്തീകരിക്കാൻ ഇനി ബാക്കിയുള്ളത്. അവിടുന്നങ്ങോട്ട് നരിക്കോത്ത് താഴെ മുതൽ കല്ലേരി വരെയുള്ള 3.24 കി.മീ ഭാഗമാണ് കനാൽ കടന്നുപോകുന്ന ഏറ്റവും ഉയരം കൂടിയ പ്രദേശം. ഉയരത്തിലുള്ള കട്ടിംഗ് ആവശ്യമുള്ളതുകൊണ്ടും ദുർബലമായ മണ്ണിൻ്റെ സാന്നിദ്ധ്യവും കാരണം ഇവിടെ കനാൽ നിർമ്മാണം പ്രതിസന്ധിയിലാണ്. ഇടിഞ്ഞു വീഴുന്ന 800 മീറ്റർ സ്ഥലത്ത് ഭിത്തി സ്ഥാപിക്കൽ യു.എൽ.സി.സി യും ഹൈദരബാദ് ആസ്ഥനമായ കമ്പനിയും വ്യത്യസ്തമായ ഡിസൈനുമായി മുന്നോട്ട് പോകുകയാണ്. പല ഭാഗങ്ങളിലും ലാൻ്റ് അക്വസിഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ മെല്ലേ പോക്ക് മൂലം ഭൂമി ഏറ്റെടുക്കൽ വൈകുന്നു എന്ന ആക്ഷേപമുണ്ട്. ഓരോ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലും സമാന്തര ജലപാതയുണ്ടാകുമെങ്കിലും ഇഴഞ്ഞ് നീങ്ങുകയാണ് പദ്ധതി. വോട്ടു തേടിയെത്തുന്ന മൂന്ന് മുന്നണികളോടും നാട്ടുകാർക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ് നൂറ്റാണ്ടോടടുക്കുന്ന ഈ പദ്ധതി ഇനയെന്ന് യാഥാർത്ഥ്യമാകും?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |