കോഴിക്കോട്: വെളളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിലും മിന്നൽ ചുഴലിയിലും കനത്ത നാശം. മരങ്ങൾ വീണ് നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ഇലക്ട്രിക് ലെെനുകൾക്ക് മുകളിൽ മരം വീണ് വെെദ്യുതി തടസവും ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും റോഡിൽ വീണ് ഗതാഗത തടസവുമുണ്ടായി. ആലപ്പുഴയിൽ റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വെെകിയത് കോഴിക്കോട്ടുളള യാത്രക്കാരെയും വലച്ചു. കുറ്റ്യാടി, താരമശ്ശേരി, നാദാപുരം, വിലങ്ങാട് മേഖലയിൽ മിന്നൽ ചുഴലിയുണ്ടായി.
മുക്കം: കാറ്റിലും മഴയിലും മരം മറിഞ്ഞു വീണ് റോഡിൽ ഗതാഗതം തടസപ്പെട്ടു. ചേന്ദമംഗല്ലൂർ മിനിപഞ്ചാബ് ബസ് സ്റ്റോപ്പിനടുത്ത് റോഡരികിലുള്ള വലിയ കാഞ്ഞിരമരമാണ് ഇന്നലെ പുലർച്ചെ കടപുഴകി വീണത്. ഗതാഗതതടസത്തിന് പുറമെ. വൈദ്യുതിയും മുടങ്ങി. മുക്കം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂരിൽ ചെമ്പൻ സലിമിൻ്റെ വീടിന് മുകളിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. കാറ്റിലും മഴയിലും പ്രദേശങ്ങളിൽ വ്യാപക കൃഷിനാശവും സംഭവിച്ചു.
താമരശ്ശേരി: താമരശ്ശേരി കാരാടി നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ പറമ്പിൽ നിറുത്തിയിട്ട പിക്കപ്പ് വാനിൽ പന മുറിഞ്ഞു വീണ് വാഹനം തകർന്നു. കൂടത്തായിക്കടുത്ത് കുന്നത്തുകണ്ടി റഷീദിന്റെ വീടിന് മുകളിൽ കൂറ്റൻ തേക്കും തെങ്ങും വീണ് വീട് തകർന്നു. പറശ്ശേരി ശിഹാബിൻ്റെ വീടിനു മുകളിൽ തെങ്ങ് വീണു. ലൈനിന് മുകളിൽ മരങ്ങൾ വീണ് വൈദ്യുതി നിലച്ചു. താഴെ പരപ്പൻപൊയിൽ ചെമ്പ്ര ക്കുന്നത്ത് അബ്ദുൽ റഊഫ് ഹാജിയുടെ വീടിന് മുകളിലേക്ക് തേക്ക് കടപുഴകി വീണ് ഓടും മേൽക്കൂരയും സമീപത്തെ കോഴിഫാമും തകർന്നു. ആളപായമുണ്ടായില്ല. അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കട്ടിപ്പാറ മണ്ണാത്തിഏറ്റ് മലയിൽ നിന്നും കൂറ്റൻ പാറയുടെ അടിഭാഗം അടർന്നു വീഴുന്നത് താഴ് വാരത്തെ 17 ഓളം വീടുകൾക്ക് ഭീഷണിയായി. വീട്ടുകാരെ മാറ്റിപാർപ്പിക്കാനുള്ള നടപടി ആരംഭിച്ചു.
വടകര: ഒഞ്ചിയം അഞ്ചാം വാർഡിലെ പുതിയോട്ടും കണ്ടി ശശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടിയും പിക്കപ്പ് വാനും തെങ്ങ് വീണ് തകർന്നു. വെള്ളിയാഴ്ച രാത്രി മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ സമീപത്തെ തെങ്ങ് പൊട്ടി വാഹന ഷെഡിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടി പൂർണമായും പിക്കപ്പ് ഭാഗികമായും തകർന്നു.
നാദാപുരം: നാദാപുരം മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും മിന്നൽച്ചുഴലി ഭീതി പടർത്തി. ശനിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് കാറ്റ് വീശിയത്. മരങ്ങൾ കടപുഴകിയും മുറിഞ്ഞ് വീണും വലിയ നാശനഷ്ടമുണ്ടായി. വൈദ്യുതി വിതരണം തടസപ്പെട്ടു. നാദാപുരം ടൗണിനടുത്ത് സംസ്ഥാന പാതയിലേക്ക് ഉൾപ്പെടെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് ഗതാഗതവും താറുമാറായി. ന്യൂക്ലിയസ് ഹോസ്പിറ്റൽ പരിസരത്താണിത്. സംഭവ സമയത്ത് വാഹനങ്ങൾ കടന്ന് പോകാത്തതിനാൽ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കിൽ ഏതാനും വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ലൈൻ പൊട്ടിവീണതിനാൽ വൈദ്യുതി വിതരണം പൂർണമായും നിറുത്തിവെച്ചു. ഫയർ ഫോഴ്സും പൊലീസുമെത്തിയാണ് ഗതാഗത തടസം നീക്കിയത്.
കുറ്റ്യാടി: കെ.എസ്.ഇ.ബി തൊട്ടിൽപാലം സെക്ഷന് കീഴിൽ വ്യാപക നാശനഷ്ടം വൈദ്യുതവിതരണം താറുമാറായി. മുള്ളൻകുന്ന് മുണ്ടവയൽ റോഡിൽ ഉൾപ്പെടെ രണ്ടിടത്ത് ട്രാൻസ്ഫോർമർ അടക്കം നിലം പതിച്ചു. ഏഴിടത്ത് എച്ച്.ടി ലൈനും ഇരുപത്തിഒന്നിടത്ത് എൽ.ടി ലൈനും പൊട്ടി. അൻപത് ഇടങ്ങളിൽ ലൈനിൽ മരം വീണു. അപകടസാദ്ധ്യതയുള്ള ഇടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണ്.
കുറ്റ്യാടി: ആഞ്ഞു വീശീയ കാറ്റിൽ ചീക്കോന്ന് ഭാഗത്ത് വ്യാപക നാശനഷ്ട്ടം. പ്രദേശത്തെ ഒട്ടനവധി മരങ്ങൾ മുറിഞ്ഞു വീണു. വൈദ്യുതി കമ്പികൾ പൊട്ടി തകരാറിലാകി വാഹന ഗതാഗതം തടസ്സപ്പെട്ടു. ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളിയുടെ മേൽക്കൂരയുടെ 500 ഓളം ഓടുകൾ പാറിപ്പോയി.
വാഹനങ്ങൾക്ക് മുകളിൽ മരം വീണു
നാദാപുരം പുളിയാവിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശമുണ്ടാക്കിയത്. കാറുകൾക്ക് മുകളിൽ മരം വീണു. വീടുകൾക്ക് തകരാറും കൃഷിനാശവുമുണ്ടായി. നിരവധി വൃക്ഷങ്ങൾ കടപുഴകി വീണ് റോഡുകളും വീടുകളും വൈദ്യുത സംവിധാനങ്ങളും തകർന്നു. ചെറുവാതുക്കൽ മഹ്മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂരയുടെ ഓടുകൾ തകർന്നു.
അന്ത്രുവിൻ്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകർന്നു . പാലക്കൂൽ സമീറിന്റെ വീടിനു മുകളിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ആവുക്കൽ പറമ്പിലെ നിരവധി വീടുകൾക്ക് കേട് പാടുണ്ടായി. പല വീടുകളിലും കുടിവെള്ള വിതരണ പൈപ്പ് ലൈൻ മരങ്ങൾ വീണ് തകർന്നു. ഇലക്ട്രിക് പോസ്റ്റുകൾ മരം വീണ് തകർന്നതോടെ പ്രദേശത്തെ വൈദ്യുതിവിതരണം പൂർണ്ണമായും നിലച്ചു.
പേരാമ്പ്ര: ഇന്നലെ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകിവീണ് ഗതാഗത തടസവും നാശ നഷ്ടവുമുണ്ടായി. പേരാമ്പ്ര ബൈപ്പാസ് റോഡിൽ മരം വീണു. വാല്യക്കോട് ഹൈടെൻഷൻ ലൈനിന്റെ മുകളിലേക്ക് കൂറ്റൻ തെങ്ങ് മറിഞ്ഞുവീണത് ഏറെനേരം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേന മുറിച്ചു മാറ്റിയത്. ആവള മഠത്തിൽമുക്കിൽ ഇലക്ട്രിക് ലൈനിന്റെ മുകളിലൂടെ റോഡരികിലുള്ള പ്ലാവും തേക്കും വീണു. കൂരാച്ചുണ്ടിലും കക്കയംറോഡിൽ പൂവത്തുംതാഴെ മരം വീണ് ഗതാഗതതടസുണ്ടായി.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിലിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി വിവിധ സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു.
ചെറുവണ്ണൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പട്ടയാട്ട് മുക്ക് നിരപ്പം റോഡിൽ ഇലക്ട്രിക് ലൈനിൽ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ദുരന്ത നിവാരണസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തെങ്ങ് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു
റെഡ് അലർട്ട്
ബാലുശ്ശേരി: കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്ന് 757.50 മീറ്ററിൽ എത്തിയതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിനാൽ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കടൽക്ഷോഭം രൂക്ഷം
കൊയിലാണ്ടി: കടൽക്ഷോഭം രൂക്ഷമായതിനാൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ കൊയിലാണ്ടി ഹാർബറിലേക്ക് തിരിച്ചെത്തി. ശക്തമായ തിരമാലയും കാറ്റും മഴയും കാരണം കടലിൽ നിലക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറഞ്ഞു. സർക്കാറിൻ്റെ വിലക്ക് ഉണ്ടായിട്ടും നിരവധി ചെറുവള്ളങ്ങളും വഞ്ചികളുമാണ് പണിക്കിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ മത്തി ലഭിച്ചതിൻ്റെ ആവേശത്തിലാണ് പ്രതീക്ഷയോടെ കടലിലിറങ്ങിയതെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |