പരമ്പര 5 കാര്യക്ഷമമാക്കണം റഫറൽ സംവിധാനം

Friday 22 May 2026 12:26 AM IST
hospital

ആധുനിക സൗകര്യങ്ങളും മികച്ച ചികിത്സാ സംവിധാനങ്ങളുമുണ്ടായിട്ടും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ തിരക്ക് കുറയാത്തത് വെല്ലുവിളിയാണ്. കുട്ടികളുടെ ചികിത്സാ വിഭാഗങ്ങളിലേയ്ക്ക് അനാവശ്യമായി റഫർ ചെയ്യുന്നുവെന്ന് ആക്ഷേപമുണ്ട്. നേരിട്ടെത്തുന്നതിന് പുറമെയാണിത്. ഇത് ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ ചികിത്സയെ വരെ ബാധിക്കുന്നു. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കൂടുതൽ സമ്മർദ്ദവുമുണ്ടാക്കുന്നു.

താലൂക്കാശുപത്രികളിൽ സൗകര്യമുണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യരുതെന്ന് മുൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്കു പോലും കുഞ്ഞുങ്ങളുമായി മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തുന്ന പ്രവണത വർദ്ധിക്കുകയാണ്. രോഗിയെ ദൂരെയുള്ള മെഡി.കോളജിലേക്ക് റഫർ ചെയ്യാതെ തൊട്ടടുത്തുള്ള താലൂക്ക്, സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയിലേക്കാണ് റഫർ ചേയ്യേണ്ടത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കാം. ദൂരയാത്രയും ചെയ്യേണ്ട. പ്രസവത്തിനായി കോട്ടപ്പറമ്പിലെ അമ്മയും കുഞ്ഞും ആശുപത്രിയെ ആശ്രയിക്കാം. ഗുരുതരാവസ്ഥയില്ലാത്ത പ്രസവങ്ങൾ ചെറിയ ആശുപത്രികളിൽ നടക്കുന്നതോടെ മെഡി.കോളേജിലെ തിരക്കൊഴിവാക്കാം.

  • ആശുപത്രിക്കുള്ളിൽ വേണം 'അക്ഷയ'

രോഗികളെ വലയ്ക്കുന്ന മറ്റൊരു പ്രശ്നമാണ് ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിം നടപടികളിലെ കാലതാമസം. ഇതിനാവശ്യമായ ആധാർ, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പെടുക്കാൻ ആശുപത്രിക്ക് പുറത്തുള്ള അക്ഷയ സെന്ററുകളിലും മറ്റും പലതവണ പോകേണ്ടിവരുന്നു. ആശുപത്രിക്കുള്ളിൽത്തന്നെ അക്ഷയ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യമുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. മുഴുവൻ ആരോഗ്യ സേവനങ്ങളും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിൽ കേന്ദ്രം തുടങ്ങുന്നത് രോഗികൾക്ക് ആശ്വാസമാകും. രേഖകളുടെ അഭാവത്തെ തുടർന്ന് ഇൻഷ്വറൻസ് ക്ലെയിം വൈകുന്നത് പല കുടുംബങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. ഇവയെല്ലാം പരിഹരിച്ച് ചികിത്സയ്ക്കൊപ്പം അടിസ്ഥാന സേവനങ്ങളും ലഭ്യമാക്കുന്ന സംവിധാനത്തിലേക്കാണ് ആരോഗ്യമേഖല മാറണമെന്നാണ് ആവശ്യം.

''പുതിയ സ‌ർക്കാരിൽ പ്രതീക്ഷയുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രം ഇനിയും വളരേണ്ടതുണ്ട്. സൗകര്യങ്ങൾക്കൊപ്പം ആവശ്യത്തിന് ജീവനക്കാർ വേണം. റഫറൽ സിസ്റ്റം കാര്യക്ഷമമായി നടപ്പിലാക്കിയാലേ നന്നായി പ്രവർത്തിക്കാനാവൂ. ഞങ്ങളുടെ ആവശ്യങ്ങളും പുതിയ പദ്ധതികളുമെല്ലാം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും''

-ഡോ.അരുൺ പ്രീത്,

സൂപ്രണ്ട്,

മാതൃശിശു സംരക്ഷണ കേന്ദ്രം.