കോട്ടൂളി ഗവ.എൽ.പി സ്കൂളിൽ വെറും നാല് കുട്ടികൾ

Thursday 04 June 2026 12:25 AM IST
കോ​ഴി​ക്കോ​ട് ​കോ​ട്ടൂ​ളി​ ​ജി.​എ​ൽ.​പി​ ​സ്കൂ​ളി​ലെ​ ​മൂ​ന്നാം​ ​ക്ലാ​സി​ൽ​ ​ആ​കെ​യു​ള്ള​ ​മൂ​ന്നു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ദ്ധ്യാ​പി​ക​ ​ക്ലാ​സെ​ടു​ക്കു​ന്നു കെ.​വി​ശ്വ​ജി​ത്ത്

കോഴിക്കോട്:നഗരഹൃദയത്തിലെ നൂറ് കൊല്ലം പഴക്കമുള്ള കോട്ടൂളി ഗവ.എൽ.പി സ്കൂളിൽ പഠിക്കാനും കളിക്കാനുമായി വെറും നാല് കുട്ടികൾ. അതിൽ രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നുള്ളതും ഒരാൾ രാജസ്ഥാനിയും. ഇത്തവണ ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടിയ ഏക വിദ്യാർത്ഥി അൻഷിക പനിയെ തുടർന്ന് രണ്ടു ദിവസമായി വന്നിട്ടുമില്ല.മൂന്നാം ക്ളാസിലെ സെെഷ്ടിയും ദുർഗയുമാണ് തമിഴ് കുട്ടികൾ. നാലാം ക്ളാസുകാരൻ മഹേന്ദ്രകുമാർ രാജസ്ഥാൻ സ്വദേശിയാണ്. ഇവരുടെ രക്ഷിതാക്കൾ കുറച്ചുകാലമായി ഇവിടെ സ്ഥിരതാമസമാണ്.

പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയും കുക്കും ശുചീകരണ തൊഴിലാളികളുമടക്കം നാല് ജീവനക്കാർ. രണ്ട് പതിറ്റാണ്ടോളമായി സ്കൂളിൽ കുട്ടികൾ നാമമാത്രം. കൗൺസിലറുമടക്കമുള്ളവർ ശ്രമിച്ചിട്ടും ഇവുടേക്ക് കുട്ടികളെ ചേർക്കാൻ പലരും സന്നദ്ധരാകുന്നില്ല. തൊട്ടടുത്താകട്ടെ യു.പി ക്ളാസുകളടക്കമുള്ള എയ്ഡഡ് സ്കൂളുകളിലേക്കാണ് കുട്ടികളുടെ ഒഴുക്ക്.

20 വർഷം മുമ്പ് 19 കുട്ടികളുണ്ടായിരുന്നു. ഒരു കുട്ടിയാണെങ്കിലും പഠിപ്പിക്കണമെന്ന് നിയമമുള്ളതിനാൽ പൂട്ടാനാവില്ല. ഇപ്പോൾ മൂന്നും നാലും ക്ളാസിലുള്ള കുട്ടികളുടെ പഠനം കഴിയുകയും ഒന്നാം ക്ളാസിലേക്ക് അടുത്ത രണ്ടുവർഷം പ്രവേശനമില്ലാതിരിക്കുകയും ചെയ്താൽ സ്കൂൾ പൂട്ടേണ്ടിവരും.

സാമൂഹ്യ വിരുദ്ധരുടെ ശല്യവും

സന്ധ്യ മയങ്ങിയാൽ സ്കൂൾ പരിസരം ലഹരി ഉപയോഗിക്കുന്നവരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്.പെപ്പുകൾ പെട്ടിക്കുന്നത് ഉൾപ്പടെ നാശനഷ്ടമുണ്ടാക്കും. മഴ പെയ്താൽ പരിസരത്തുള്ള വെള്ളം സ്കൂൾ വളപ്പിലേക്ക് കുത്തിയൊലിക്കുന്നതാണ് മറ്റൊരു പ്രശ്നം.തൊട്ടടുത്ത് അങ്കണവാടിയുണ്ട്.എൽ.കെ.ജി, യു.കെ.ജി ക്ളാസ് തുടങ്ങാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ടെന്ന് കൗൺസിലറും ഡെപ്യൂട്ടി മേയറുമായ ഡോ.എസ് ജയശ്രീ പറഞ്ഞു.

നാട്ടുകാരും കൗൺസിലറുമടക്കമുള്ളവരുടെ അടിയന്തര യോഗം ചേർന്ന് പരിഹാരമാർഗം ആരായും.

-അഡ്വ.കെ.ജയന്ത് എം.എൽ.എ