ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
കൊയിലാണ്ടി: കാത്തിരിപ്പിന് വിരാമം, സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടമായി. നവീകരിച്ച ഹൈസ്കൂൾ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിക്കും. സയൻസ് ലാബ്, വിപുലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ആധുനിക രീതിയിൽ നിർമ്മിച്ച ഓഡിറ്റോറിയം എന്നിവ അടങ്ങുന്നതാണ് നവീകരിച്ച ഹൈസ്കൂൾ ബ്ളോക്ക്. സ്കൂളിന്റെ സ്ഥാപക മാനേജരായ എം.എം കൃഷ്ണൻ നായരുടെ സ്മരണാർത്ഥം നിർമ്മിച്ചതാണ് പുതിയ ബ്ലോക്ക്. കുറുമ്പനാട് താലൂക്കിലെ ചിങ്ങപുരത്ത് 1945 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലമെന്ററി സ്കൂളും 1947ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലമെന്ററി സ്കൂളും ചേർന്ന് 1951 ൽ കോഴിപ്പുറം ഹയർ എലമെന്ററി സ്കൂൾ ആവുകയും പിന്നീട് കോഴിപ്പുറം യു.പി സ്കൂളായി മാറുകയും ചെയ്തു. 1966ലാണ് സ്വാതന്ത്ര്യസമര നേതാവായിരുന്ന ചിങ്ങപുരം കേളോത്ത് ഗോവിന്ദൻ നായർ എന്ന സി.കെ.ജിയുടെ സ്മരണാർത്ഥം സി.കെ.ജി മെമ്മോറിയൽ ഹൈസ്കൂളാക്കി ഉയർത്തിയത്. 2010ൽ ഹയർ സെക്കൻഡറി സ്കൂളായി. 1-ാം ക്ലാസ് മുതൽ 12 വരെ ക്ലാസുകളിലായി 2000ത്തിൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. മേലടി സബ് ജില്ലയിൽ ഉൾപ്പെടുന്ന സ്കൂൾ പഠന പഠ്യേതര വിഷയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |