@ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് തുടക്കം
കോഴിക്കോട്: സാമൂഹിക ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിർക്കണമെന്നും സാഹിത്യസംഗമങ്ങൾ അതിന് ഊർജമാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആറാംപതിപ്പ് കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തിൽ വായന നിലനിൽക്കും. വായന മരിക്കുന്നെന്ന് പറയാൻ തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും സാങ്കേതിക വിദ്യകളിലൂടെ വായന പുതിയ തലത്തിലേക്ക് വളരുകയാണ്. അതിന്റെ തെളിവാണ് ഇത്തരം പുസ്തകോത്സവങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തം. മനുഷ്യർ ഒറ്റപ്പെട്ട് പോവുന്ന കാലത്ത് ഉണ്ടാവുന്ന ഇത്തരം കൂട്ടായ്മകൾ ആഹ്ലാദകരമാണ്. വായനയിലൂടെ വരുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബുക്കർ പ്രൈസ് വിജയി ഷഹാൻ കരുണതിലകെ, നോബൽ സമ്മാനവിജയി അഡ യോനാത്ത്, കേരള ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ, മ്യൂസിയം തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജൻ, മുൻ ചീഫ് ഇലക്‌ഷൻ കമ്മിഷണർ നവീൻ ചൗള , എം.കെ.രാഘവൻ എം.പി, കോഴിക്കോട് കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, ഗായിക ഉഷ ഉതുപ്പ് എഴുത്തുകാരായ, സച്ചിദാനന്ദൻ, സുധാമൂർത്തി, എം.മുകുന്ദൻ, കെ.ആർ. മീര, കെ.എൽ.എഫ് കൺവീനർ എ. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
15 വരെ കോഴിക്കോട് ബീച്ചിൽ ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുക. നോബൽ സമ്മാന ജേതാക്കൾ, ബുക്കർ സമ്മാനം നേടിയ എഴുത്തുകാർ, സാഹിത്യ പ്രതിഭകൾ, നയതന്ത്രജ്ഞർ, ചലച്ചിത്ര നാടക രംഗത്തെ പ്രമുഖർ, അവതാരകർ, കലാകാരന്മാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ചരിത്രകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കുചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |