കൊല്ലങ്കോട്: കൊല്ലങ്കോട് റെയിൽവേ സ്റ്റേഷന് കിഴക്ക് മലയാമ്പള്ളം റോഡിൽ കാരപ്പറമ്പ് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചാക്കിൽ നിന്ന് 12.7 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പൊതുയിടങ്ങളിൽ മദ്യപിക്കുന്നവരെ കണ്ടെത്തുന്നതിനായി കൊല്ലങ്കോട് പൊലീസ് കരപ്പറമ്പിൽ പരിശോധന നടത്തുന്നതിനിടെ ഒഴിഞ്ഞ മദ്യക്കുപ്പിയും പ്ലാസ്റ്റിക്ക് ഗ്ലാസുകളും കണ്ടെത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് റെയിൽവേ ട്രാക്കിന് സമീപത്തായി പ്ലാസ്റ്റിക്ക് ചാക്കിൽ ഒരു കിലോ വരുന്ന 10 പാക്കറ്റും രണ്ടു കിലോയിലേറെ തൂക്കമുള്ള ഒരു പാക്കറ്റിലുമായി കഞ്ചാവ് കണ്ടെത്തിയത്. വൈകിട്ട് നാലരയോടെ പാലക്കാട് നിന്നും പൊള്ളാച്ചി വഴി ചെന്നൈയിലേക്ക് ചെന്നൈ എക്സ്പ്രസ് കടന്നുപോയ ശേഷമാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് ഇടപാടുകാർക്ക് നേരത്തെ പറഞ്ഞ സ്ഥലത്ത് ഇട്ടു കൊടുത്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിൻ വഴി കഞ്ചാവ് കടത്ത് വ്യാപകമാകുന്നതായി മുമ്പ് കേരളകൗമുദി വാർത്ത നൽകിയിരുന്നു. സാധാരണ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കാണ് കഞ്ചാവ് ഒഴുകുന്നത്. ഓണക്കാലത്ത് ചില്ലറ വില്ലന നടത്തുന്നവർക്ക് കഞ്ചാവ് എത്തിക്കുന്നത് ട്രെയിൻ മാർഗ്ഗമാണ്.അതിർത്തിയിൽ വാഹന പരിശോധനയിൽ പിടിപെടാതെ രക്ഷപ്പെടാം എന്നതും ട്രെയിനിൽ പരിശോധന ഉണ്ടായാൽ ഉപേക്ഷിക്കാൻ എളുപ്പമാണെന്നതുമാണ് ഇത്തരത്തിൽ ലഹരി കടത്ത് വ്യാപകമാകാൻ കാരണം. ട്രെയിൻ പോകുമ്പോൾ വിവിധ പോയിന്റുകളിൽ കാത്തു നിൽക്കുന്നവർക്ക് കഞ്ചാവ് ബണ്ടിൽ എറിഞ്ഞു കൊടുക്കുകയും ഇവരിത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയുമാണ് ചെയ്യുന്നതെന്നാണ് വിവരം. രണ്ട് മാസം മുമ്പ് പുതുനഗരം റെയിൽവേ സ്റ്റേഷന് സമീപത്തും ആറ് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓണക്കാല പരിശോധന കർശനമാക്കിയതോടെയാണ് പ്രിൻസിപ്പൽ എസ്.ഐ കെ.എൻ.സത്യനാരായണൻ, ഗ്രേഡ് എസ്.ഐ യു.അബ്ദുൾ സലാം, ഹെഡ് കോൺറ്റബിൾ സി.സുകുമാരൻ, സി.പി.ഒ എൻ.നിസ്സാർ അഹമ്മദ്, സി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |