അങ്കമാലി: 200 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളെ അങ്കമാലി പൊലീസ് പിടികൂടി. കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് കുമാർ (24), ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷാ (28) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും അങ്കമാലി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കരയാംപറമ്പിൽ വച്ച് പൊലീസ് കൈ കാണിച്ചെങ്കിലും കാർ നിറുത്താതെ പോയി. തുടർന്ന് പൊലീസ് പിന്തുടർന്ന് ടി.ബി. ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞു.
കാറിനുള്ളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പ്രതികൾ താമസിച്ചിരുന്നത് ആലുവയിലാണ്. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി ടി.ആർ. രാജേഷ്, അങ്കമാലി ഇൻസ്‌പെക്ടർ എ. രമേഷ്, എസ്.ഐ പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
രണ്ട് ദിവസം മുമ്പ് ആലുവ മുട്ടത്തെ ഒരു സ്പായിൽ പൊലീസ് നടത്തിയ പരിശോധനയിൽ 24 ഗ്രാം എം.ഡി.എം.എയും 600 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. സംഭവത്തിൽ നടത്തിപ്പുകാരായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |