പൊന്നാനി: പൊന്നാനി അങ്ങാടി വികസനം വർഷങ്ങളായി എങ്ങുമെത്താതെ പോകുന്നു. കാഴ്ചക്ക് പൗരാണികമായ കെട്ടിടങ്ങൾ എന്ന് തോന്നുമെങ്കിലും പലതും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്ന അവസ്ഥയിലാണ് നിലകൊള്ളുന്നത്. ചരിത്രം ഒരുപാട് പറയാനുണ്ട് പൊന്നാനി അങ്ങാടിയിലെ പല കെട്ടിടങ്ങൾക്കും. എന്നാൽ പലതും കാലപ്പഴക്കത്താൽ എപ്പോൾ വേണമെങ്കിലും നിലംപതിച്ചേക്കാം. ചിലതെല്ലാം അറ്റകുറ്റപണി നടത്തി വീണ്ടും പ്രവർത്തനം തുടരുന്നു. എന്നാൽ വീതിയില്ലാത്ത അങ്ങാടി പ്രദേശം പലപ്പോഴും വലിയ ഗതാഗതകുരുക്കാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ചും സ്‌കൂൾ സമയങ്ങളിൽ. ആഴ്ചകളിലെ അവസാന ദിവസങ്ങളിൽ കർമ്മയിലേക്കും ബീച്ചിലേക്കും എത്തുന്ന സഞ്ചാരികളുടെ തിരക്കിലും വീർപ്പുമുട്ടുന്ന പൊന്നാനി അങ്ങാടി വീതി കുറവ് മൂലം നേരിടുന്ന കഷ്ടപ്പാട് ചില്ലറയല്ല. ബസും ലോറിയും കടന്നുപോകുന്ന സമയത്ത് എതിരെ വരുന്ന വാഹനങ്ങൾ പാലത്തിൽ നിന്നും മാറ്റിയാൽ മാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കൂ. പ്രത്യേകിച്ചും പൊന്നാനിയുടെ ഹൃദയഭാഗമായ കോടതിപടിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും നഗരസഭ ഓഫീസിലേക്കുമടക്കം കോളേജുകളിലേക്ക് വരെ ദിവസേന ഒട്ടനവധി പേർ ഈ വഴിയാണ് യാത്ര ചെയ്യുന്നത്. പൊന്നാനി അങ്ങാടി പാലത്തിനോട് ചേർന്ന് നടപ്പാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതും ഏകദേശം തകർച്ച നേരിടുന്ന അവസ്ഥയാണ്. അങ്ങാടിയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികളും പ്രഖ്യാപിക്കപ്പെട്ട സന്ദർഭത്തിൽ പലരും അത് വിശ്വസിച്ചു. കെട്ടിടങ്ങൾ പൊളിക്കുക വരെ ചെയ്തു. എന്നാൽ പിന്നീട് അതെല്ലാം എവിടെയും ചർച്ച ചെയ്തുകണ്ടില്ല. ഇതിനിടയിൽ പഴയചില കെട്ടിടങ്ങൾക്ക് കെട്ടിടനമ്പർ പുതുക്കി നൽകുന്ന പരിപാടി കൂടി നഗരസഭ ചെയ്തു. ഇതോടെ ഒരേസമയം പൊന്നാനി അങ്ങാടിയുടെ വികസനമെന്ന് പറയുകയും അതേ സമയം ചുളുവിൽ നിയമവിരുദ്ധ പദ്ധതികൾക്ക് അംഗീകാരം കൊടുക്കുകയും ചെയ്യുന്ന രീതിയിലായി നഗരസഭയുടെ പ്രവർത്തനം. ശ്രീരാമകൃഷ്ണൻ എം. എൽ. എ ആകുന്ന സമയത്ത് നഗരസഭയും എം. എൽ. എ പലപ്പോഴും അങ്ങാടി വികസനത്തിന്റെ യോഗങ്ങൾ ചേർന്നിരുന്നു. മുൻപ് പൊന്നാനി അങ്ങാടിയിലെ ചില കെട്ടിടങ്ങൾ തീപിടിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.സമന്തരമായി പൊന്നാനി തീരത്തേക്ക് വരാൻ കർമ്മ റോഡ് ഉണ്ടെങ്കിലും അവധി ദിനങ്ങളിലും ആഘോഷ സമയങ്ങളിലും അങ്ങാടി വഴി ഒരുപാട് പേർ എത്തുന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു. പൊന്നാനിയുടെ വർഷങ്ങളായുള്ള ആവശ്യമാണ് പൊന്നാനി അങ്ങാടിയുടെ നവീകരണം. പക്ഷെ എന്ന് നടപ്പാകുമെന്ന് മാത്രം യാതൊരു ഉറപ്പുമില്ല
ടൂറിസം കേന്ദ്രമാക്കി മാറ്റാം
കൃത്യമായി ആസൂത്രണം ചെയ്താൽ മികച്ച രീതിയിൽ അറ്റക്കുറ്റപ്പണി നടത്തി പൗരാണികമായ മേഖലായി മാറ്റി നിലനിർത്താവുന്ന കേന്ദ്രം കൂടിയാണ് പൊന്നാനി അങ്ങാടി പുരാതനകാലം മുതൽക്കേ വിദേശ രാജ്യങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്ന പൊന്നാനി അങ്ങാടി നവീകരിച്ചു സൂക്ഷിച്ചാൽ മികച്ച ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റാൻ കൂടി കഴിയും.അങ്ങാടിയിൽ വികസനം എത്തിക്കാൻ സമഗ്രമായ വികസന പദ്ധതി പൊന്നാനിയിൽ മുൻ എം.എൽ.എയും സ്പീക്കറുമായിരുന്ന പി.ശ്രീരാമകൃഷ്ണൻ കൊണ്ടുവന്നിരുന്നു. എന്നാൽ പദ്ധതി പിന്നീട് അട്ടിമറിക്കപ്പെട്ടു. അക്കാലത്ത് കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി യോഗങ്ങൾ നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |