കാളികാവ്: നരഭോജി കടുവയ്ക്കു വേണ്ടി കാളികാവിൽ തെരച്ചിൽ നടത്തുന്നതിനിടെ കരുവാരക്കുണ്ടിലും കടുവ സാന്നിദ്ധ്യം. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റിലാണ് കടുവയുടെ കാൽപ്പാടുകൾ നാട്ടുകാർ കണ്ടെത്തിയത്. വനപാലകസംഘത്തിലുള്ളവരെത്തി കാൽപ്പാടുകൾ കടുവയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. കടുവയുടെ കാൽപ്പാടുകളുടെ ചിത്രവും വിവരങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നാട്ടുകാർ ഭീതിയിലായി. വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ ഭീതിയിലാണ് നാട്ടുകാർ. മാസങ്ങൾക്ക് മുൻപ് കേരള എസ്റ്റേറ്റിൽ തന്നെയാണ് കടുവയെ നാട്ടുകാർ ആദ്യമായി കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെ കടുവ ഓടിമറയുന്ന ദൃശ്യം ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇത് നാടാകെ പ്രചരിക്കുകയും ചെയ്തു. അന്ന് ജനവാസ കേന്ദ്രത്തിലാണ് കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നത്. കടുവയെ കാടുകയറ്റാൻ വേണ്ട ഊർജിത ശ്രമങ്ങൾ നടത്തുകയോ കടുവയെ പിടികൂടുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത് അധികൃതർ ചെവിക്കൊണ്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.കടുവ കാടുകയറിയേക്കുമെന്ന് പ്രചരിപ്പിച്ച് വനപാലകർ മടങ്ങുകയായിരുന്നുവത്രെ. കൂട് സ്ഥാപിക്കുന്നതിനും അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കടുവയെ പിടികൂടുന്നതിനും യാതൊരുവിധ നടപടിയും അന്ന് കൈകൊണ്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് വീണ്ടും കടുവയുടെ കാൽപ്പാടുകൾ കാണുകയും കാളികാവിലെ അടക്കാകുണ്ടിൽ കടുവ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തതോടെ പ്രദേശവാസികളെല്ലാം ഭീതിയിലാണ്. യുവാവിനെ കടുവ കടിച്ച് കൊലപ്പെടുത്തിയ പ്രദേശവും കരുവാരകുണ്ടും അടുത്തടുത്ത പ്രദേശങ്ങളാണ്. കടുവയ്ക്ക് സഞ്ചാരയോഗ്യമായ പ്രദേശം കൂടെയാണ് കരുവാരകുണ്ട്, കാളികാവ് ഭാഗങ്ങളിലുള്ള മലയോര മേഖല. ഊർജ്ജിതമായ ശ്രമങ്ങൾ നടത്തി കടുവയെ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |