കടി തുടർന്ന് തെരുവുനായ്ക്കൾ; എ.ബി.സി കേന്ദ്രം അകലെ

Friday 22 May 2026 12:34 AM IST

മലപ്പുറം: തെരുവുനായകളുടെ വന്ധ്യംകരണത്തിന് ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു അൻിമൽ ബർത്ത് കൺട്രോൾ (എ.ബി.സി)​ സെന്റർ സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശത്തിൽ തുടർനടപടി പ്രതീക്ഷയിച്ച് ജില്ല. സംസ്ഥാനത്ത് വന്ധ്യംകരണത്തിനുള്ള എ.ബി.സി കേന്ദ്രം ഇല്ലാത്ത ഏക ജില്ലയാണ് മലപ്പുറം. പല ജില്ലകളിലും ഒന്നിലധികം കേന്ദ്രങ്ങളുണ്ട്. ജില്ലയിൽ ഒരുവർഷം ശരാശരി പതിനായിരത്തോളം പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടുന്നുണ്ട്. ഇതിൽ കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ട്. പലപ്പോഴും ജീവൻ രക്ഷപ്പെടുന്നത് തന്നെ തലനാരിഴയ്ക്കാണ്. പകലിൽ അടക്കം തെരുവുനായകളുടെ പരാക്രമം വർദ്ധിച്ചിട്ടുണ്ട്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന നായ്ക്കൾ അപ്രതീക്ഷിതമായാണ് പലപ്പോഴും ആക്രമണത്തിന് മുതിരുന്നത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളെ ഓടിച്ചിട്ട് കടിക്കുന്ന പ്രവണതയുമുണ്ട്. വന്ധ്യംകരണം നടപ്പാക്കാത്തത് മൂലം തെരുവുനായകളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്.

വന്ധ്യംകരണമെന്ന ആവശ്യവും ശക്തമാണെങ്കിലും ഇതിനുള്ള എ.ബി.സി കേന്ദ്രത്തിന് സ്ഥലം വിട്ടുകൊടുക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറല്ല എന്നതാണ് പ്രതിസന്ധി. ചില ബ്ലോക്ക് പഞ്ചായത്തുകൾ സ്ഥലങ്ങൾ കണ്ടുവച്ചെങ്കിലും ജനവാസ പ്രദേശങ്ങളിൽ വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങിയാലുള്ള പ്രതിഷേധം മുന്നിൽ കണ്ട് പിൻവാങ്ങി. സെന്ററിന്റെ നടത്തിപ്പ് ഭാവിയിൽ പൊല്ലാപ്പാവുമോയെന്ന ആശങ്കയിൽ കാഴ്ചക്കാരായി നിൽക്കുന്നവരുമുണ്ട്. കൈവശമുള്ള ഭൂമി മറ്റ് പല പദ്ധതികൾക്കായി നീക്കിവച്ചതിനാൽ കൈമാറാൻ പറ്റില്ലെന്നാണ് മിക്ക ഗ്രാമപഞ്ചായത്തുകളുടെയും നിലപാട്. മൃഗാശുപത്രികൾക്ക് കീഴിലെ സ്ഥലങ്ങൾ പ്രയോജനപ്പെടുത്താൻ പറ്റുമോയെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല.

സ്ഥലമാണ് പ്രശ്നം

മങ്കടയിലെ റവന്യൂ വകുപ്പിന്റെ 50 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രാദേശിക എതിർപ്പുകൾ മൂലം തീരുമാനമായിട്ടില്ല. തെരുവുനായ്ക്കളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനങ്ങളുടെ എതിർപ്പിന് കാരണമാകുമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ ആശങ്കയാണ് സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രധാന തടസ്സം. സ്ഥലം കണ്ടെത്തിയ ശേഷം കെട്ടിടം നിർമ്മിച്ച് ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വെറ്ററിനറി ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം. 94 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളുമുള്ള മലപ്പുറത്ത് ഒരു സ്ഥിരം എ.ബി.സി കേന്ദ്രത്തിന് പകരം നാലോ അതിലധിമോ എണ്ണം ഉണ്ടെങ്കിൽ മാത്രമേ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാവൂ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.

  • 10,​000; ജില്ലയിൽ ഒരുവർഷം തെരുവുനായയുടെ കടിയേൽക്കുന്നവർ