മെഗാ പ്രദർശനവിപണന മേള തിരൂരിൽ
മലപ്പുറം: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് ജില്ല ഒരുങ്ങുന്നു. മേയ് 10 മുതൽ 16 വരെ തിരൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് വാർഷികാഘോഷം. 'എന്റെ കേരളം' എന്ന പേരിൽ നടത്തുന്ന മെഗാ പ്രദർശന മേള വിജയിപ്പിക്കാൻ മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ വിപുലമായ സംഘാടക സമിതി രൂപീകരിക്കും. പ്രദർശന വിപണന മേള, കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ഫുഡ് കോർട്ടുകൾ, വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളും സേവനങ്ങളും വിശദീകരിക്കുന്ന സ്റ്റാളുകൾ എന്നിവ ഒരുക്കും. 150 സ്റ്റാളുകളിൽ 15 സർവീസ് സ്റ്റാളുകളും 10 എണ്ണം തീം സ്റ്റാളുകളുമായിരിക്കും. അലങ്കാര ചെടികൾ, ഫലവൃക്ഷ തൈകൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടാകും. സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഡോക്യുമെന്ററി പ്രദർശനം, ഫോട്ടോ പ്രദർശനം എന്നിവയും മേളയിലുണ്ടാകും. ഐ.എസ്.ആർ.ഒയുടെ സ്റ്റാളുകളും നവ്യാനുഭവമാകും.
ടൂറിസം, കൃഷി, സാമൂഹിക നീതി, ആരോഗ്യം, ഫിഷറീസ്, അനർട്ട്, ഐ.ടി മിഷൻ, മൃഗസംരക്ഷണം, ഖാദി, ശുചിത്വമിഷൻ, ജില്ലാ വ്യവസായ കേന്ദ്രം, തദ്ദേശ സ്വയംഭരണം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും വാണിജ്യ സ്റ്റാളുകളാണ് പ്രദർശന മേളയിൽ ഒരുക്കുക. സെമിനാറുകളും കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.
സർക്കാർ അധികാരമേറ്റ മേയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ വികസന കമ്മീഷണർ എസ് പ്രേംകൃഷ്ണൻ, സബ് കളക്ടർ ശ്രീധന്യ സുരേഷ്, എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർ എം.സി. റജിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ പേരാമ്പ്ര സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |