മലപ്പുറം: സന്തോഷ് ട്രോഫി മത്സരം വീക്ഷിക്കാനുള്ള പ്രവേശന ടിക്കറ്റുകളും ഒരുങ്ങി കഴിഞ്ഞു. മഞ്ചേരി പയ്യനാട്ടേയും,കോട്ടപ്പടിയിലേയും സ്റ്റേഡിയങ്ങൾ ഫുട്ബാൾ ആരാധകരെ കൊണ്ട് നിറഞ്ഞു കവിയുന്ന കാഴ്ച്ചകൾക്ക് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം. സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓർഗനൈസിംഗ് കമ്മിറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബാൾ താരം ആഷിഖ് കുരുണിയൻ സീസൺ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം,മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി,കസേര,വി.ഐ.പി.കസേര,വി.ഐ.പി.ഗ്രാന്റ്, എന്നിവയുടെ സീസൺ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടക്കുന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചാണ് സീസൺ ടിക്കറ്റുകൾ വിതരണം ചെയ്യാൻ നിശ്ചയിച്ചിട്ടുള്ളത്. ദിവസ ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലും, മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകളിലും ലഭ്യമാകും. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി.പി അനിൽ, സെക്രട്ടറി അബ്ദുൽ മഹ്റൂഫ് എച്ച്.പി.സന്തോഷ് ട്രോഫി ഇവന്റ് കോഓർഡിനേറ്റർ യു.ഷറഫലി, ജനപ്രതിനിധികൾ, കായിക പ്രമുഖർ, സംഘാടകസമിതി ഭാരവാഹികൾ, സ്പോർട്സ് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ടിക്കറ്റ് വിശേഷങ്ങളിങ്ങനെ
സാധാരണ ഗ്യാലറി ടിക്കറ്റുകളും,കസേരയിലിരുന്ന് കളി കാണുന്നതിനുള്ള ടിക്കറ്റുകളുമുണ്ട്. പ്രായമായവർക്കും മറ്റും കസേര ടിക്കറ്റുകൾ ഉപകാരപ്രദമാവും.
ഗ്യാലറി ദിവസ ടിക്കറ്റിന് 100 രൂപ
സീസൺ ടിക്കറ്റിന് 1,000 രൂപ
കസേരയ്ക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപ
കസേര സീസൺ ടിക്കറ്റിന് 2,500 രൂപ
വി.ഐ.പി കസേരക്ക് 1,000 രൂപ
വി.ഐ.പി സീസൺ ടിക്കറ്റിന് 10,000 രൂപ
മൂന്ന് പേർക്ക് പ്രവേശിക്കാവുന്ന ഗ്രാന്റ് സീസൺ ടിക്കറ്റ് 25,000 രൂപ
കോട്ടപ്പടിയിൽ ഗ്യാലറി ടിക്കറ്റ് മാത്രം
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ദിവസ ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസൺ ടിക്കറ്റിന് 400 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |