ചെർപ്പുളശേരി: നെല്ലായ കൃഷി ഭവന് കീഴിലെ പാടശേഖരങ്ങൾക്കുളള തുരിശ് വിതരണം നിലച്ചത് കർഷകരെ പ്രതിസന്ധിയിലാക്കി. പരിസരത്തെ മറ്റ് കൃഷി ഭവനുകളിൽ വിതരണം നടക്കുമ്പോഴാണ് നെല്ലായയിൽ തുരിശ് ലഭ്യമല്ലാത്തത്.
നെല്ലായ കൃഷി ഭവനുകീഴിൽ 17 പാടശേഖര സമിതികളിലായി ആയിരത്തോളം കർഷകരുണ്ട്. വിപണിയിൽ കിലോക്ക് 20 രൂപ വില വരുന്ന തുരിശാണ് സബ്സിഡിയിൽ ഏഴ് രൂപയ്ക്ക് കൃഷിഭവന് കീഴിൽ വിതരണം ചെയ്യുന്നത്. മുമ്പ് തുരിശ് നൽകിയ സ്ഥാപനത്തിന് നൽകാനുള്ള കുടിശികയായ മൂന്നുലക്ഷം നൽകാത്തതാണ് വിതരണം മുടങ്ങാൻ കാരണം. കൃഷിഭവൻ മുഖാന്തരം നെല്ലായ പഞ്ചായത്താണ് ഫണ്ട് നൽകേണ്ടത്. ഇതിൽ വീഴ്ച സംഭവിച്ചതാണ് പ്രശ്നമെന്ന് കർഷകർ പറയുന്നു.
കർഷകർ പ്രതിഷേധിക്കും
35 ലക്ഷം രൂപയിലേറെ ഫണ്ട് പഞ്ചായത്തിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരം വീഴ്ച സംഭവിക്കുന്നതെന്ന് അറിയില്ലെന്ന് കർഷകർ പറയുന്നു. വിതരണം ഇനിയും വൈകിയാൽ പഞ്ചായത്തിനും കൃഷിഭവനും മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ പാടശേഖരങ്ങളിലെ കൃഷിക്കാർ പറഞ്ഞു.
ബോർഡോ മിശ്രിതത്തിലെ പ്രധാന ചേരുവ
സസ്യരോഗങ്ങൾക്കെതിരെ ആദ്യമായി ഉപയോഗിച്ച രാസപദാർത്ഥമാണ് കോപ്പർ സൾഫേറ്റ് അഥവാ തുരിശ്. ഫ്രാൻസിലെ ബോർഡോ എന്ന സ്ഥലത്തെ കർഷകർ മുന്തിരിച്ചെടികൾക്കുണ്ടായ വെള്ള കുമിൾ രോഗം നിയന്ത്രിക്കാൻ തുരിശും ചുണ്ണാമ്പും കൂട്ടിക്കലക്കി തളിച്ച മരുന്ന് ഫലപ്രദമായി. ഈ സ്ഥലനാമം പിന്നീട് ബോർഡോ മിശ്രിതം എന്ന മരുന്നിന്റെ പേരായി മാറി. ഇന്നും ബോർഡോ മിശ്രിതമാണ് കുമിൾ രോഗങ്ങൾക്കെതിരെ ഫലപ്രദമായ മരുന്നായി ഉപയോഗിക്കപ്പെടുന്നത്.
സമീപ പഞ്ചായത്തുകളിലെല്ലാം തുരിശ് വിതരണം ചെയ്യുമ്പോഴും നെല്ലായയിൽ മുടങ്ങിയത് കൃഷിക്കാരോടുള്ള അവഗണനയാണ്. പ്രതിസന്ധി നീക്കി ഉടൻ വിതരണം ചെയ്യാൻ നടപടി വേണം.
-രായിൻ കീഴ്‌ശേരി, സെക്രട്ടറി, ഇരുമ്പാലശേരി പാടശേഖര സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |