പാലക്കാട്: ചപ്പക്കാട് ലക്ഷംവീട് കോളനിയിൽ നിന്ന് രണ്ടുയുവാക്കളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് രണ്ടരവർഷമാകുമ്പോൾ അന്വേഷണം ഏറ്റെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ച്. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആദിവാസി സംരക്ഷണസംഘം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 2021 ആഗസ്റ്റ് 30ന് രാത്രി 10 മുതലാണ് സാമുവൽ (സ്റ്റീഫൻ28), അയൽവാസി മുരുകേശൻ (28) എന്നിവരെ കാണാതായത്. ആദ്യം ലോക്കൽ പൊലീസും തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. യുവാക്കളെ കാണാതായതിന്റെ 60-ാം ദിവസം കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അന്നത്തെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 300 ലധികംപേരെ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്‌തെങ്കിലും ചില സൂചനകൾക്കപ്പുറം തെളിവുകൾ ലഭിച്ചില്ല. കേസിൽ തുമ്പൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് കേസേറ്റെടുക്കുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.ഷംസുദ്ദീനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
തെരച്ചിലിന്റെ നാൾ വഴികൾ ഫലമുണ്ടായില്ല
യുവാക്കളെ കാണാതായ ദിവസം സാമുവൽ ജോലിചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടത്തിന്റെ ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. സാമുവലിന്റെ ഫോൺ രാത്രി 10.30 മുതൽ സ്വിച്ച് ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. ശേഷം പൊലീസ് നായയെ ഉപയോഗിച്ച് സ്വകാര്യ തോട്ടങ്ങളിലും വനപ്രദേശത്തും പരിശോധന നടത്തി. കള്ള് ചെത്തുന്ന ഒരു തോട്ടത്തിലെത്തിയ നായ ഒരു ഷെഡിന് ചുറ്റും ഓടിയിരുന്നു. ഈ ഭാഗത്താണ് ഇവരുടെ ഫോൺ ഓഫായത് എന്നതിനാൽ ദുരൂഹത വർദ്ധിച്ചു. 2021 ആഗസ്റ്റ് 30നു രാത്രിയും പൊലീസ് നായ വരുന്നതിന് മുമ്പും മഴ പെയ്തിരുന്നതിനാൽ നായയെ ഉപയോഗിച്ചുള്ള പരിശോധനയും ഫലപ്രദമായിരുന്നില്ല. പിന്നീട് ബെൽജിയം ഇനം നായയുടെ പരിശോധനയിലും തുമ്പൊന്നും ലഭിച്ചില്ല. ഡ്രോൺ ഉപയോഗിച്ചും വനംവകുപ്പിനൊപ്പം നടത്തിയ തെരച്ചിലിലും പുരോഗതിയുണ്ടായില്ല.
തുടർച്ചയായ മരണങ്ങൾ
തിരോധാനത്തിന് ശേഷം സാമുവലിന്റെ കുടുംബത്തിൽ അച്ഛൻ ശബരിമുത്തു 2022 ജനുവരി 22നും സഹോദരൻ ജോയിൽ രാജ് (ജോൺ) 2022 ആഗസ്റ്റ് 15നും അമ്മ പാപ്പാത്തി 2022 ആഗസ്റ്റ് 19നും മരിച്ചു. നിലവിൽ അനിയൻ രാജുമാത്രമാണ് വീട്ടിലുള്ളത്. മുരുകേശനെ കാണാതാകുമ്പോൾ ഭാര്യ സംഗീത പ്രസവിച്ച് മൂന്നുമാസമേ ആയിരുന്നുള്ളൂ. കുഞ്ഞുമായി തമിഴ്നാട് ആളിയാറിലെ ബന്ധുവീട്ടിലാണ് സംഗീത കഴിയുന്നത്.
കാണാതായവരുടെ കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കണം. സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനും ഹേബിയസ് കോർപസ് ഹർജി നൽകുന്നതിനും കോടതിയെ സമീപിക്കുന്നത് ആലോചനയിലാണ്..
നീളിപ്പാറ മാരിയപ്പൻ, ആദിവാസി സംരക്ഷണസംഘം ഭാരവാഹി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |