പാലക്കാട്: തേങ്ങ, വെളിച്ചെണ്ണ വില റോക്കറ്റുപോലെ കുതിക്കുമ്പോഴും നേട്ടംകിട്ടാതെ സംസ്ഥാനത്തെ നാളികേര കർഷകർ. പൊതിച്ച നാളികേരം കിലോഗ്രാമിന് 72 രൂപയാണ് മൊത്തവിൽപ്പന കേന്ദ്രത്തിലെ വില. 80 രൂപയ്ക്കാണ് ചില്ലറവിൽപ്പന. കർഷകർ വിൽപ്പനകേന്ദ്രത്തിൽ എത്തിച്ചുകൊടുത്താൽ 65 രൂപവരെ കിട്ടും. തെങ്ങിൻതോപ്പുകളിൽ വന്ന് കച്ചവടക്കാർ മൊത്തമായി നാളികേരം വാങ്ങിക്കൊണ്ടുപോകുമ്പോൾ വിപണിയിലെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. പച്ചത്തേങ്ങയ്ക്ക് എണ്ണം കണക്കിൽ 35 രൂപവരെയേ കിട്ടുന്നുള്ളൂ. വലിപ്പം കുറഞ്ഞ തേങ്ങയാണെങ്കിൽ രണ്ടെണ്ണം ചേർത്താണ് ഒന്നായി കണക്കാക്കും. തേങ്ങയിടാനും പൊതിക്കാനും കടകളിൽ എത്തിക്കാനുമുള്ള സൗകര്യക്കുറവാണ് കച്ചവടക്കാർ ചൂഷണം ചെയ്യുന്നത്.
കേരളത്തിൽ തേങ്ങയുടെ ഉൽപ്പാദനക്ഷമത കഴിഞ്ഞ വേനലിൽ പകുതിയായി കുറഞ്ഞിരുന്നു. 2021-22ൽ ഹെക്ടറിന് 7412 തേങ്ങയായിരുന്നു ശരാശരി ഉത്പ്പാദനം. 2022-23ൽ 7215 തേങ്ങയായും 2023-24ൽ 7211 ആയും ഇടിഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങ വരവിലും വൻ ഇടിവുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം തെങ്ങിനെ ബാധിച്ച രോഗങ്ങളും ഉൽപ്പാദനക്കുറവുണ്ടാക്കി.
രണ്ടുവർഷങ്ങളിലെ ഉണക്കുമൂലം നാളികേരോത്പാദനം കുറവാണ്. ഇതുമൂലം 45 ദിവസത്തിലൊരിക്കൽ വിളവെടുത്തിരുന്നത് ഇപ്പോൾ രണ്ടുമാസംവരെ ആകുന്നുണ്ട്. അമ്പത് തെങ്ങിൽനിന്ന് 1000 കിലോഗ്രാം വരെ തേങ്ങ ലഭിച്ചിരുന്നത് 500 കിലോയായി കുറഞ്ഞതായി കർഷകർ പറയുന്നു. മണ്ഡരി, കൂമ്പുചീയൽ, വെള്ളീച്ച, മഞ്ഞളിപ്പ്, തെങ്ങോലയിൽ ഫംഗസ് ബാധമൂലമുള്ള ഹരിതകം നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളും ഉത്പാദനക്കുറവിന് കാരണമായി.
കൊപ്രയ്ക്ക് 250 രൂപവരെ വിലയുണ്ടെങ്കിലും ഉത്പാദനം തീരെയില്ലെന്ന് വ്യാപാരികൾ പറയുന്നു. 180 രൂപയിൽ നിന്നാണ് ഒരു വർഷത്തിനിടെ വെളിച്ചണ്ണവില നാനൂറ് പിന്നിട്ടത്. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണയ്ക്ക് 450 രൂപവരെ വിലയുണ്ട്. ഓണക്കാലമാകുമ്പോഴേക്കും വില വീണ്ടും ഉയരുമെന്നാണ് വിപണി നൽകുന്ന സൂചന. വില കുതിച്ചുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ തമിഴ്നാട്ടിലെ കാങ്കയത്തു നിന്ന് വെളിച്ചെണ്ണയും കൊപ്രയും കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. നിലവാരം കുറഞ്ഞതും മായം കലർന്നതും ഇതിനൊപ്പം എത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |