പറമ്പിക്കുളം: കാലവർഷം അതിശക്തമായി പെയ്തിറങ്ങുമ്പോഴും പറമ്പിക്കുളം ഡാം നിറയുന്നില്ല. പാലക്കാട് ജില്ലയിലെ മറ്റ് ഡാമുകൾ പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയതിനെ തുടർന്ന് ഷട്ടറുകൾ തുറക്കുന്ന സാഹചര്യമുണ്ടായി. പക്ഷേ, പറമ്പിക്കുളത്ത് നിലവിലെ ജലനിരപ്പ് പൂർണ സംഭരണ ശേഷിക്കു 16 അടി താഴെയാണ്. കഴിഞ്ഞയാഴ്ചവരെ പറമ്പിക്കുളം ഡാമിൽ നിന്ന് കോണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലേക്ക് തമിഴ്നാട് വെള്ളം കൊണ്ടുപോയിരുന്നു. ഇതാണ് കാലവർഷത്തിന്റെ ഗുണം ജലനിരപ്പിൽ കാണാത്തത്. 1825 അടി സംഭരണ ശേഷിയുള്ള ഡാമിന്റെ കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് 1809 അടിയാണ്. 1770 അടി സംഭരണ ശേഷിയുള്ള പറമ്പിക്കുളത്തെ തൂണക്കടവ് ഡാമിൽ 1765.50 അടി വെള്ളമുണ്ട്. തൂണക്കടവിൽ നിന്നു സർക്കാർപതി ടണൽ വഴി വെള്ളമെത്തുന്ന ആളിയാർ ഡാമിൽ കഴിഞ്ഞദിവസത്തെ ജലനിരപ്പ് 1044.50 അടിയാണ്. 1050 അടിയാണ് പൂർണ സംഭരണ ശേഷി.
ആളിയാർ നിന്നുള്ള വെള്ളമാണ് മണക്കടവ് വിയർ വഴി സംസ്ഥാനത്തിനു ലഭിക്കുന്നത്. തമിഴ്നാട് ഷോളയാറിലെ രണ്ടാം പവർ ഹൗസിൽ നിന്നുള്ള വെള്ളം കേരള ഷോളയാറിലേക്കാണ് ഒഴുകുന്നത്. കേരള ഷോളയാർ ഡാമിൽ കഴിഞ്ഞദിവസം 2633.50 അടി വെള്ളമുണ്ട്. 2663 അടിയാണു പരമാവധി സംഭരണ ശേഷി. 3295 അടി പൂർണ സംഭരണ ശേഷിയുള്ള തമിഴ്നാട് ഷോളയാറിൽ നിലവിൽ 3290.87 അടി വെള്ളമുണ്ട്. ഇതിലെ ജലനിരപ്പ് 3290 അടി പിന്നിട്ടാൽ പറമ്പിക്കുളത്തേക്കു ജലം ഒഴുകും.
പറമ്പിക്കുളം–ആളിയാർ കരാർ പുതുക്കണം
കാലഹരണപ്പെട്ട പറമ്പിക്കുളം–ആളിയാർ കരാർ പുതുക്കുന്നതിൽ നടപടിയില്ലാത്തതു കേരളത്തിന് തിരിച്ചടിയാകുന്നു. കരാർ പുതുക്കാൻ വിമുഖത കാണിക്കുന്ന തമിഴ്നാട് പറമ്പിക്കുളംഡാമിലെ വെള്ളം കോണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലെത്തിച്ചു കാവേരി നദീതടം വരെ വെള്ളം നൽകുന്നുണ്ടെന്നു കർഷക സംഘടനകൾ പറയുന്നു. 12.5 ടി.എം.സി എങ്കിലും വെള്ളം ലഭിക്കണമെന്നാണ് ആവശ്യം. ഇങ്ങനെ വെള്ളം ലഭിച്ചാൽ ചിറ്റൂർപ്പുഴ പദ്ധതിയുടെ വലതുകര കനാലിലെ 8210 ഹെക്ടർ, ആർ.ബി.സിയിലെ 4740 ഹെക്ടർ, കുന്നങ്കാട്ടുപതിയുമായി ബന്ധപ്പെട്ട 1970 ഹെക്ടർ, തേമ്പാർമടക്കിലെ ആശ്രയിക്കുന്ന 3321 ഹെക്ടർ, നറണിയിലെ 431 ഹെക്ടർ, നറണി- ആലാംകടവുമായി ബന്ധപ്പെട്ട 74 ഹെക്ടർ കൃഷി ഉണങ്ങാതെ വിളവെടുക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |