മുതലമടയിൽ പൊടിപൊടിച്ച് പൊടിവിത
മുതലമട: മുതലമട പഞ്ചായത്തിൽ കാലവർഷം അനുകൂലമായതോടെ പൊടിവിത നടത്തുന്ന തിരക്കിലാണ് നെൽക്കർഷകർ. മുതലമട കൃഷിഭവന് കീഴിൽ 18 പാടശേഖരസമിതികളിലായി 598 നെൽകർഷകർ 1175 ഏക്കറിൽ നെൽകൃഷി ചെയ്യുന്നുണ്ട്. ഡാമുകളിലെ വെള്ളമാശ്രയിച്ച് ചെയ്യുന്ന രണ്ടാം വിള നടീലിനെക്കാൾ ലാഭമാണ് ഒന്നാം വിളയായ പൊടിവിതയ്ക്ക്. ഏക്കറിന് 35,000 രൂപയോളം നടീൽ കൃഷിക്ക് ചെലവ് വരുമ്പോൾ കളനാശിനി പ്രയോഗവും കൊയ്ത്തുമുൾപ്പെടെ പൊടിവിതയ്ക്ക് ചെലവ് വരുന്നത് 27000 രൂപ മാത്രം. അനുകൂല കാലാവസ്ഥയും കൃത്യമായ സർക്കാർ സംവിധാനത്തിലൂടെ നെല്ലളവും സാധ്യമായാൽ കർഷകന് ഒരേക്കറിൽ 65000 രൂപ മുതൽ 70000 രൂപ വരെ ലഭിക്കും. ഏക്കറിൽ 2500 കിലോ നെല്ല് ഒന്നാം വിളയിൽ ലഭിയ്ക്കുമ്പോൾ രണ്ടാം വിളയിൽ 2700 കിലോ വരെ ലഭിക്കും. അഞ്ച് ഡാമുകൾ ഉണ്ടെങ്കിലും പഞ്ചായത്തിൽ കുടിവെള്ളവും കൃഷിക്കുള്ള ജലസേചനവും ഉൾപ്പെടെ എന്നും ജലക്ഷാമമാണ്. പ്രധാന ഡാമുകളായ ചുള്ളിയാറും മീങ്കരയും വറ്റി കിടക്കുകയാണ്. കുടിവെള്ള വിതരണം നടത്തുന്ന മീങ്കര ഡാമിൽ ഒരു മാസം വിതരണത്തിനുള്ള വെള്ളമേ ശേഷിക്കുന്നുള്ളു. ചുളളിയാർ ഡെഡ് സ്റ്റോറേജിനു സമാനമായിരിക്കുകയാണ്. അതിനാൽ കാലവർഷം കനിഞ്ഞാൽ മാത്രമേ രണ്ടാംവിള നെൽകൃഷി സുഗമമായി ചെയ്‌തെടുക്കാൻ സാദ്ധ്യമാവുകയുള്ളൂ. കർഷകരുടെ മുന്നിലുള്ള മറ്റൊരു വെല്ലുവിളിയാണ് തൊഴിലാളി ക്ഷാമം. അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിപ്പോയത് കർഷകർക്ക് തിരിച്ചടിയാണ്. സ്വദേശികളായ കർഷക തൊഴിലാളികളുടെ കുറവും നെൽകർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 4500 രൂപയാണ് അന്യ സംസ്ഥാനക്കാർ ഏക്കറിന് കള വലിയ്ക്കാൻ ഈടാക്കുന്നത്. നാടൻ പണിക്കാർ 6000 മുതൽ 7500 രൂപ വരെ വാങ്ങാറുണ്ട്. 2500 രൂപയാണ് മണിക്കൂറിൽ കൊയ്ത്ത് യന്ത്രത്തിന്റെ വാടക. ഗ്രാമപഞ്ചായത്തിൽ സ്വന്തമായി കൊയ്ത്തു മെഷീനും ഷെഡും ഉണ്ടെങ്കിലും അത് ഉപയോഗശൂന്യമായി കിടക്കുകയാണ്.
പുതിയ സർക്കാരിൽ പ്രതീക്ഷയിലാണ് കർഷകർ. നെൽ കർഷകർക്ക് വർഷങ്ങളായി നഷ്ടം മാത്രം ലഭിക്കുന്ന മുതലമടയിൽ ഇക്കുറി ഒന്നാം വിള അനുയോജ്യമാകുമെന്ന് കരുതുന്നു. കാലാവസ്ഥയും സർക്കാരും കനിഞ്ഞാൽ നെൽ കർഷകർക്ക് നേട്ടമാകും.
എൽ.സഹദേവൻ സ്രാമ്പിച്ചള്ള, മുതലമട, നെൽ കർഷകൻ.