പാലക്കാട്: ജില്ലയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി കെൽട്രോണിന്റെ സഹായത്തോടെ തയ്യാറാക്കിയ വെബ് ആപ്ലിക്കേഷൻ സംവിധാനം 'ഹരിതമിത്രം ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം' ജില്ലയിൽ ആരംഭിച്ചു. മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗിക ഉപഭോക്താക്കൾക്കുള്ള വെബ്പോർട്ടലുമാണ് ഹരിതമിത്രം ആപ്ലിക്കേഷന്റെ പ്രധാന ഘടകങ്ങൾ. ആപ്ലിക്കേഷനിൽ ഹരിതകർമ്മസേനാ അംഗങ്ങൾക്കും വാതിൽപ്പടി സേവനങ്ങളുമായി ബന്ധപ്പെട്ട ഗ്രീൻ ടെക്നീഷൻ ആപ്പ്, ഉപഭോക്താവിന്റെ സേവന വിവരങ്ങൾ, പരാതി, നിലവിലെ പേയ്മെന്റ് തുടങ്ങിയ അനുബന്ധ വിവരങ്ങളടങ്ങിയ കസ്റ്റമർ ആപ്പ്, ശേഖരിച്ച മാലിന്യത്തിന്റെ അളവ്, തരം തിരിച്ച മാലിന്യത്തിന്റെ അളവ്, മാലിന്യത്തിന്റെ വിൽപന വിവരങ്ങൾ എന്നിവ സംബന്ധിച്ച് എം.സി.എഫ്-ആർ.ആർ.എഫ് ആപ്പ്, തരംതിരിച്ച് ശേഖരിച്ച മാലിന്യത്തിന്റെ അളവ്, മാലിന്യത്തിന്റെ വിൽപന വിവരങ്ങളടങ്ങിയ ക്ലീൻ കേരള കമ്പനി ആപ്പ് എന്നിവ ഉൾപ്പെടുന്നു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനങ്ങൾ, ഗുണഭോക്താക്കൾ ആവശ്യപ്പെട്ട പ്രത്യേക സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ന്യൂനതകളും പ്രശ്നങ്ങളും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരിശോധിക്കുന്നതിനും അനുയോജ്യമായ ഇടപെടൽ നടത്തുന്നതിനും ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ സാധിക്കും.
ആപ്ലിക്കേഷന്റെ പ്രധാന ഘടകങ്ങൾ
മാലിന്യസംസ്കരണ മേഖലയിലെ ഓരോ പ്രവർത്തനവും അതാത് സമയങ്ങളിൽ തന്നെ ഡിജിറ്റൽ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡ് തലം വരെ മോണിറ്റർ ചെയ്യാം.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും കഴിയും.
പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപമടക്കമുള്ളവ തദ്ദേശസ്ഥാപനങ്ങളെ യഥാസമയം അറിയിക്കാം.
പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം.
ജില്ലയിൽ 11 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും
ജില്ലയിൽ ആദ്യഘട്ടത്തിൽ 11 ഗ്രാമപഞ്ചായത്തിലും അഞ്ച് നഗരസഭകളിലുമാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പദ്ധതി സംബന്ധിച്ച് ബഹുജന വിദ്യാഭ്യാസ കാമ്പയിൻ പ്രവർത്തനങ്ങളും വിവര ശേഖരണവും നടപ്പിലാക്കും. പൊതുജന പങ്കാളിത്തത്തോടെയാവും കാമ്പയിൻ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ സംഘടിപ്പിക്കുക.
ഗ്രാമപഞ്ചായത്തുകൾ
അകത്തേത്തറ, നല്ലേപിള്ളി, പെരുവെമ്പ്, പെരുമാട്ടി, പല്ലശന, പുതുപരിയാരം, കൊടുമ്പ്, മുണ്ടൂർ, മുതുതല, കാരാകുറിശ്ശി, കടമ്പഴിപ്പുറം.
നഗരസഭകൾ
മണ്ണാർക്കാട്, ഷൊർണൂർ, പാലക്കാട്, പട്ടാമ്പി, ചെർപ്പുളശ്ശേരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |