പത്തനംതിട്ട : കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നുള്ള തൊഴിൽദാന പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി 5000 പേർക്ക് ഇക്കൊല്ലം തൊഴിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് രക്ഷാധികാരി ഡോ.ടി.എം.തോമസ് ഐസക്ക്.
കെ ഡിസ്ക്, കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചു സി.ഡബ്ല്യു.എം.എസ് പോർട്ടലിലൂടെയാണ് തൊഴിൽ അന്വേഷകരെ ജോലിയിലേക്ക് എത്തിക്കുന്നത്. ജില്ലയിലെ രണ്ടര ലക്ഷത്തോളം വരുന്ന തൊഴിൽ അന്വേഷകരെ കണ്ടെത്തി പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കുകയും ജോലി നേടാൻ സഹായിക്കുകയുമാണ് ലക്ഷ്യം. അടൂർ, റാന്നി, തിരുവല്ല, കോന്നി, റാന്നി, ആറൻമുള എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുകൾ മുഖേനയാണ് തൊഴിൽ അന്വേഷകർക്കു വേണ്ട സേവനങ്ങൾ ലഭ്യമാക്കുന്നത്. നാളിതുവരെ രാജ്യത്തിനകത്തും വിദേശത്തുമായി വിവിധ കമ്പനികളിലൂടെ 666 പേർക്ക് വിജ്ഞാന പത്തനംതിട്ട തൊഴിൽ ലഭ്യമാക്കിയെന്നും തോമസ് ഐസക്ക് പറഞ്ഞു.
തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 11ന് റാന്നി സെന്റ് തോമസ് കോളജിൽ തൊഴിൽമേള നടക്കും. തൊഴിൽമേള 27നു ക്രമീകരിച്ചിരുന്നുവെങ്കിലും രജിസ്ട്രേഷനിലുണ്ടായ തിരക്ക് കാരണം ഇതു മാറ്റിവയ്ക്കുകയാണ്. മേളയിൽ പങ്കെടുക്കുന്നവർ സി.ഡബ്ല്യു.എം.എസ് പോർട്ടലിൽ ആദ്യമേ രജിസ്റ്റർ ചെയ്തിരിക്കണം. ഇവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിനും ക്രമീകരണമുണ്ട്. റാന്നി നടക്കുന്ന തൊഴിൽ മേളയിൽ പ്രമുഖ ഇരുപതോളം കമ്പനികൾ പങ്കെടുക്കും. മേളയിലേക്കുള്ള രജിസ്ട്രേഷൻ പത്തുവരെയാണ്. ഉദ്ഘാടനം പ്രമോദ് നാരായൺ എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. ഇതുവരെ 1500 പേർ മേളയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ഏറെപ്പേരും സി ഡബ്ല്യു എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവരല്ല. 10,000 തൊഴിൽ അവസരങ്ങളെങ്കിലും ഓരോ തൊഴിൽ മേളയിലും ഒരുക്കി നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോളജ് ഇക്കോണമി മിഷന്റെ സി ഡബ്ല്യു എം എസ് പ്ലാറ്റ്ഫോമിൽ നിലവിൽ രണ്ട് ലക്ഷത്തിലേറെ ജോലികളുടെ വിവരമുണ്ട്.
ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ ബി.ഹരികുമാർ, കെ.യു.ജനീഷ് കുമാർ എം.എൽ.എ, മുൻ എം.എൽ.എ എ.പത്മകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പത്തനംതിട്ടയിൽ മാത്രം 50,000 പേർ ജോലിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴിലിന്റെ അവശ്യയോഗ്യതകളും തൊഴിൽ അന്വേഷകന്റെ വിദ്യാഭ്യാസ - പരിചയ യോഗ്യതകളും പരിശോധിച്ച് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ കോൾ സെന്ററുകൾ ആരംഭിച്ചു. താല്പര്യമുള്ള തൊഴിൽ അന്വേഷകരെ ജോബ് സ്റ്റേഷനുകളിൽ നിന്ന് ബന്ധപ്പെട്ട് അഭിമുഖത്തിൽ പങ്കെടുപ്പിക്കും.
ജോബ് സ്റ്റേഷനുകൾ :
അടൂർ, റാന്നി, തിരുവല്ല, കോന്നി, റാന്നി, ആറൻമുള എന്നിവിടങ്ങളിൽ.
ജോലി ലഭിച്ചവർ : 666
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |