കോന്നി : സഹ്യന്റെ പുത്രനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പെരുമയുമായ ഗജരാജൻ മലയാലപ്പുഴ രാജൻ കർക്കടകമാസത്തിലെ സുഖ ചികിത്സയിൽ. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ആനത്തറയിലുള്ള കൊമ്പന് ഇപ്പോൾ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണമാണ് നൽകുന്നത്. ചോറ്, കരിപ്പട്ടി, ഉപ്പ്, മഞ്ഞൾപ്പൊടി, ലേഹ്യം എന്നിവ ചേർത്ത മിശ്രിതം തയ്യാറാക്കി ദിവസവും നൽകുന്നു. കൂടാതെ പതിവിനങ്ങളായ പനംപട്ടയും തെങ്ങോലയും. വനം വകുപ്പിന്റെ മണ്ണിറയിലെ തീറ്റപ്പുൽ കൃഷി കേന്ദ്രത്തിൽ നിന്ന് എത്തിക്കുന്ന പുല്ലുകളും നൽകുന്നുണ്ട്. രാജനെ 1970ൽ നാലാംവയസിലാണ് കോന്നി ആനക്കൂട്ടിൽ നിന്ന് മലയാലപ്പുഴ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. ഒൻപതരയടി ഉയരവുമുള്ള രാജന്റെ കാലിലെ 16 നഖങ്ങൾ, അശുഭലക്ഷണമാണെന്നുള്ള പൊതുകാഴ്ചപ്പാടുകളെ മാറ്റിനിറുത്തി നാട്ടാനകളുടെ ഇടയിലെ പെരുമയിലേക്ക് ഈ കൊമ്പൻ നടന്നുകയറിയിട്ട് നാളുകളേറെയായി. രാജനൊപ്പം കിടന്നുറങ്ങുന്ന പാപ്പാൻ മണികണ്ഠന്റെ വീഡിയോ മുൻപ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഗുരുവായൂർ കേശവൻ എന്നപേരിൽ പ്രചരിച്ച രാജന്റെ വീഡിയോയും വിവാദമായി. മലയാലപ്പുഴ സ്വദേശിയായ ആനപ്രേമി വിധുനുണ്ണിക്കും പാപ്പാന്മാർക്കും മാത്രമേ ഇപ്പോൾ മലയാലപ്പുഴയിലെ ആനത്തറയിലേക്ക് പ്രവേശനമുള്ളൂ.
ഗജരാജ പെരുമ
20 വർഷം ശബരിമല ശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റാൻ രാജന് ഭാഗ്യമുണ്ടായി. തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, ആറന്മുള, ചെങ്ങന്നൂർ എന്നീ ദേവസ്വം ക്ഷേത്രങ്ങളിലെ തിടമ്പേറ്റിയിട്ടുണ്ട്. തൃശൂർ വടക്കുംനാഥന്റെ മണ്ണിൽ 2008, 2009, 2010 വർഷങ്ങളിൽ പാറമേക്കാവ് ഭാഗത്ത് രാജൻ ചമയം കെട്ടിയിറങ്ങിയിട്ടുണ്ടെങ്കിലും വടക്കൻ കേരളത്തിലെ പൂരപ്പറമ്പുകളിലേക്ക് അധികം പോയിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനകളിൽ ആദ്യമായി തൃശ്ശൂർ പൂരത്തിൽ പങ്കെടുത്തത് രാജനായിരുന്നു. ഭയപ്പെടുത്തുന്ന രീതിയിലുള്ള കണ്ണുകളിലെ ചടുലത കൊമ്പന്റെ പ്രത്യേകതയാണ്.
രാജന്റെ നേട്ടങ്ങൾ
2007ൽ : ഗജരാജപ്പട്ടം
2008ൽ : ഗജരത്നപട്ടം
2009ൽ : മാതങ്ക മാണിക്യപുരസ്‍കാരം
2011ൽ : മണികണ്ഠരത്‌ന പുരസ്കാരം
എല്ലാ വർഷവും കർക്കടക മാസത്തിൽ രാജന്
ആയുർവേദ സുഖചികിത്സ നൽകുന്നു.
വിധുനുണ്ണി (മലയാലപ്പുഴ സ്വദേശിയായ ആനപ്രേമി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |