അടൂർ : കടമ്പനാട് പഞ്ചായത്ത് മണ്ണടി എട്ടാം വാർഡിൽ മാർത്തോമ പള്ളിക്ക് സമീപമുള്ള കൃഷി വകുപ്പിന്റെ കെട്ടിടം ആർക്കും വേണ്ടാതെ അവഗണനയിൽ. കാർഷിക ജലസേചന മാർഗങ്ങളെക്കുറിച്ച് കർഷകർക്ക് അവബോധം പകരാനായുള്ള പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച കെട്ടിടമാണ് ഉപയോഗശൂന്യമായി നശിക്കുന്നത്. ലോക ബാങ്ക് ധനസഹായത്താൽ 1985ൽ കൃഷി ജലസേചന പദ്ധതിയും വൃക്ഷവിള വികസനവും നടപ്പാക്കാൻ വേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്, എന്നാൽ ഫലപ്രദമാകാത്തതിനാൽ 2000ൽ പദ്ധതി അവസാനിപ്പിച്ചു. അതിനു ശേഷം അഗ്രോ ക്ലിനിക്കായി പ്രവർത്തിച്ചു. പിന്നീട് അതും മുടങ്ങി. അതോടെ കെട്ടിടത്തിന്റെ ശനിദശ ആരംഭിച്ചു. അധികൃതർ അവഗണിച്ചതോടെ കെട്ടിടം സാമൂഹ്യവിരുദ്ധർ കൈയേറി. ജനാലകളും വാതിലുകളും നശിപ്പിച്ചു. ചുറ്റുപാടും കാടും കയറിയതോടെ തകർച്ച പൂർണമായി.
ആഗ്രോ ക്ലിനിക്ക് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തേക്ക് മാറ്റിയതോടെയാണ് കെട്ടിടം ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയത്. കൃഷി വകുപ്പിന്റെ ഉടമസ്ഥയിലുള്ള കെട്ടിടവും സ്ഥലവും വിട്ടുകിട്ടാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. വർഷങ്ങളായി കെട്ടിടം ശോചനീയ അവസ്ഥയിലായിട്ടും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ആരോഗ്യ കേന്ദ്രമാക്കണം
പഞ്ചായത്ത് അധികൃതർ കെട്ടിടം ഏറ്റെടുത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി മാറ്റിയാൽ ജനങ്ങൾക്ക് ഉപകാരപ്പെടും. കടമ്പനാട് പഞ്ചായത്തിലെ 8,9,10 വാർഡുകളിലെയും എഴംകുളം പഞ്ചായത്ത് 12, 13 വാർഡുകളിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടും.
1985ൽ നിർമ്മിച്ച കെട്ടിടം
കൃഷി വകുപ്പിൽ നിന്ന് കെട്ടിടം ഏറ്റെടുത്ത്, ജനത്തിന് പ്രയോജനകരമായ രീതിയിൽ പഞ്ചായത്തിന്റെ പദ്ധതികൾ കൊണ്ട് വരാൻ പരിശ്രമിക്കും.
പ്രിയങ്ക പ്രതാപ്, പ്രസിഡന്റ്
കടമ്പനാട് ഗ്രാമ പഞ്ചായത്ത്
സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടം നശിച്ച് പോകാതെ എത്രയും പെട്ടെന്ന് ഏറ്റെടുത്ത് ജനോപകാരപ്രദമാക്കണം.
രാജേഷ് മണ്ണടി, പ്രസിഡന്റ്
മണ്ണടി പൈതൃക സംരക്ഷണ സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |